കാസര്‍കോട് ചെമ്പരിക്ക.മംഗലൂരു ഖാസിയായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍. ഖാസിയുടെ മരണം സംബന്ധിച്ച് ഗൂഢാലോചനയുണ്ടെന്ന് വെളിപ്പെടുത്തുന്ന ഫോൺസംഭാഷണം മനോരമ ന്യൂസിന് ലഭിച്ചു. പൊലീസും സിബിഐയും അന്വേഷിച്ചിട്ടും ഖാസിയുടെ മരണം ആത്മഹത്യ എന്നാണ് കണ്ടെത്തിയത്. സംഭവം നടന്ന് ഏഴു വര്‍ഷത്തിന് ശേഷമാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്.
സിബിഐ രണ്ടു വട്ടം അന്വേഷിച്ചിട്ടും ദുരൂഹമായി തുടരുന്ന കേസിനെ സംബന്ധിച്ചാണ് പുതിയ വെളിപ്പെടുത്തല്‍. സംഭവം നടക്കുമ്പോൾ നീലേശ്വരം മാർക്കറ്റിനടുത്ത് ഓട്ടോ ഓടിച്ചിരുന്ന അഷ്റഫ് എന്ന വ്യക്തിയുടെ ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്. ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ പ്രസിഡന്റ് ഉമ്മർ ഫാറൂഖ് കോയ തങ്ങളോടാണ് അഷ്റഫ് ചിലകാര്യങ്ങൾ തുറന്ന് പറയുന്നത്. മരണത്തിനുപിന്നില്‍ രണ്ടംഗസംഘമാണെന്ന് സംഭാഷണത്തിൽ പറയുന്നു.
തെക്കൻ കേരളത്തിൽ നിന്നു വന്ന രണ്ടംഗം സംഘം നടപ്പാക്കിയ ക്വട്ടേഷനാണ് ഖാസിയുടെ കൊലപാതകം എന്നാണ് സംഭാഷണത്തിന്റെ ചുരുക്കം. ഇതിനു വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കിയത് തന്റെ ഒരു ബന്ധുവാണെന്നും അഷ്റഫ് വ്യക്തമാക്കുന്നു. സത്യം പുറത്തുവന്നാൽ ഒരു എഎസ്ഐ ഉൾപ്പെടെ സംഭവത്തിൽ പ്രതിയാവും. സുരക്ഷ ഉറപ്പു നൽകുകയാണെങ്കിൽ അന്വേഷണ ഏജൻസിക്കു മുമ്പിലോ പൊതുജനമധ്യത്തിലോ ഇതേക്കുറിച്ചു തുറന്നു പറയാൻ സന്നദ്ധനാണെന്നും അഷ്റഫ് പറയുന്നു. പലദിവസങ്ങളിൽ അഷ്റഫുമായി നടത്തിയ ഫോണ്‍ സംഭാഷാണം റെക്കോർഡ് ചെയ്യുകയായിരുന്നെന്ന് ഉമ്മർ ഫാറൂഖ് കോയ തങ്ങള്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയരുന്നു. 2010 ഫെബ്രുവരി 15 നാണ് ചെമ്പരിക്ക കടൽത്തിരത്ത് കടലിലേയ്ക്ക് ഇറങ്ങിയുള്ള പാറക്കെട്ടുകളിൽ നിന്ന് ഖാസിയുെട മൃതദേഹം കണ്ടെത്തിയത്.കടൽത്തീരത്തെ പാറക്കെട്ടിൽ നിന്ന് ചാടി അബ്ദുല്ല മൗലവി ആത്മഹത്യ ചെയ്തു എന്നാണ് സിബിഐയുടെ അന്തിമ റിപ്പോർട്ട്. എന്നാൽ, സിബിഐ ഉൾപ്പെടെയുള്ള ഏജൻസികളുടെ അന്വേഷണ പരിധിയില്‍ ഈ ഗൂഢാലോന വന്നിട്ടില്ലെന്നും ഓഡിയോ സംഭാഷണത്തിൽ പറയുന്നു.