കണ്ണൂർ സ്വദേശിയായ ഹോട്ടലുടമ അബ്ദുൽ അസീസ്, മുംബൈയില്‍ മർദനമേറ്റ് മരിച്ചകേസിൽ സ്ഥലമുടമ സഞ്ജയ് കോണ്ടെ അറസ്റ്റില്‍. ഇന്നു പുലർച്ചെയാണ് ശിവാപുരിലെ വീട്ടിൽനിന്ന് സഞ്ജയ് കോണ്ടെ പിടിയിലായത്. കൊലപാതകം നടന്ന് ഒന്നര മാസത്തോളമായി പൊലീസിനു പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു ഇയാൾ. പ്രതിക്കെതിരെ ദുര്‍ബലമായ കേസെടുത്ത് പൊലീസ് കേസ് ഒതുക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുണ്ട്.
99 വർഷത്തെ പാട്ടവ്യവസ്ഥ അനുസരിച്ച് ശിവാപുരിൽ 40 വർഷമായി ഹോട്ടൽ നടത്തുകയായിരുന്ന അബ്ദുൽ അസീസ് കഴിഞ്ഞമാസം 13നാണ് മരിച്ചത്. പലതവണ ഭീഷണിപ്പെടുത്തിയിട്ടും സ്ഥലമൊഴിയാൻ തയ്യാറാകാത്ത അസീസിനെ ഹോട്ടലിലെത്തി സഞ്ജയ് കോണ്ടെ മർദിച്ചു. ശേഷമായിരുന്നു അസീസിന്റെ മരണം. തുടർന്ന് കേസ് കാര്യമായെടുക്കാതെ പൊലീസ് മുന്നോട്ടുപോയി. സ്ഥലമുടമ സഞ്ജയ് കോണ്ടെയ്ക്കെതിരെ കേസെടുക്കാനും തയ്യാറായില്ല. എന്നാൽ, അസീസിൻറെ കുടുംബാംഗങ്ങളും, സ്ഥലത്തെ മലയാളിസംഘടനകളും സഞ്ജയ് കോണ്ടെയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.
തുടർന്ന്, ഐപിസി 304വകുപ്പുപ്രകാരം മനപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസ്ഫയൽചെയ്തു. എന്നാൽ, അറസ്റ്റിൽനിന്ന് സംരക്ഷണംതേടി പുണെ കോടതിയിലും പിന്നീട് ബോംബെ ഹൈക്കോടതിയിലും സഞ്ജയ് കോണ്ടെ സമർപ്പിച്ച ഹർജികള്‍ തള്ളി. തുടർന്ന് ഇന്ന് പുലർച്ചെ മൂന്നിന് ശിവാപുരിലെ വീട്ടിൽ നിന്നാണ് സഞ്ജയ് കോണ്ടെയെ അറസ്റ്റ് ചെയ്തത്. പ്രതി പൊലീസിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും, കോടതിയിൽനിന്ന് അനുകൂലവിധി നേടാാകാത്തതാണ്, സഞ്ജയ് കോണ്ടെയുടെ അറസ്റ്റിലേക്ക് എത്തിച്ചതെന്നും സ്ഥലത്തെ മലയാളി സംഘടനയായ കൈരളി ചാരിറ്റബിൾ ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു.