ആഡംബരജീവിതം നയിക്കുന്നതിനായി ബൈക്കിൽ സഞ്ചരിച്ചുള്ള കവർച്ച പതിവാക്കിയ യുവാക്കൾ അറസ്റ്റിൽ. കോഴിക്കോട് ഇയ്യാട് സ്വദേശി ദിൽജിത്ത്, കുന്ദമംഗലം സ്വദേശി വീജീഷ് എന്നിവരാണ് കസബ പൊലീസിന്റെ പിടിയിലായത്. വിവിധ സ്റ്റേഷനുകളിലായി ഇവർക്കെതിരെ പത്തിലധികം കേസുള്ളതായി പൊലീസ് പറഞ്ഞു.
ബൈക്കിൽ കറങ്ങിയുള്ള കവർച്ച തുടങ്ങിയിട്ട് മൂന്ന് വർഷമായെങ്കിലും ഇരുവരും ആദ്യമായാണ് പൊലീസ് പിടിയിലാകുന്നത്. ഗൾഫ് ബസാറിലെ മൊബൈൽ കടയിലെ ജോലി കഴിഞ്ഞ് മടങ്ങിയ ഇതരസംസ്ഥാനത്തൊഴിലാളി വിക്രമിനെ നഗരത്തിലെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ഇരുവരും അടിച്ചുവീഴ്ത്തി. വിക്രമിന്റെ കൈയ്യിലുണ്ടായിരുന്ന പത്തൊൻപതിനായിരം രൂപ വിലയുള്ള ഫോണുമായി ദിൽജിത്തും വിജീഷും കടന്നു. മൊബൈൽ ഫോൺ നഷ്ടപ്പെട്ടെങ്കിലും വിക്രം ഇരുചക്രവാഹനത്തിന്റെ നമ്പർ ഓർത്തെടുത്തു. പൊലീസിന്റെ പരിശോധനയിൽ സമീപത്തെ സിസിടിവിയിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞതായി കണ്ടെത്തി. അന്വേ·ഷണത്തിൽ വാഹനത്തിന്റെ നമ്പർ വ്യാജമെന്ന് തെളിഞ്ഞു എന്നാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ യഥാർഥ പ്രതികളെ തിരിച്ചറിയാനായി.
ഓരോ ദിവസവും കവർന്നെടുക്കുന്ന ഫോണും മറ്റ് വിലകൂടിയ വസ്തുക്കളും വിൽപന നടത്തിക്കിട്ടുന്ന പണം ആഡംബര ജീവിതത്തിനായാണ് ഉപയോഗിച്ചിരുന്നത്. മൈസൂർ, ഗോവ എന്നിവിടങ്ങളിൽ വിലകൂടിയ വാഹനങ്ങൾ കറങ്ങുന്നതായിരുന്നു ഇരുവരുടെയും രീതി. പണം തീരുന്നതിനനുസരിച്ച് മറ്റ് കവർച്ചയ്ക്ക് തുടക്കമിടും. നടക്കാവ്, കുന്ദമംഗലം പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ പരാതികളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.