ഒരു സിനിമാകഥപോലെ ട്വിസ്റ്റുകൾ നിറഞ്ഞതാണ് സിവിൽസർവീസ് പരീക്ഷയിൽ കോപ്പിയടിച്ച് ജയിലിലായ സഫീർകരിം ഐപിഎസിന്റെ ജീവിതം. തിരുനെല്‍വേലി നങ്കുനേരിയിലെ എഎസ്പിയും എറണാകുളം നെടുമ്പാശേരി കുന്നുകര സ്വദേശിയുമായ സഫീർ കരീം 112–ാം റാങ്ക് നേടിയാണ് ഐപിഎസിലെത്തിയത്.
ഈ നേട്ടം കൈവരിക്കാൻ കാരണമായതാകട്ടെ സുരേഷ്ഗോപി നായകനായ കമ്മീഷണർ സിനിമയും. കമ്മീഷണർ സിനിമയിലെ ഭരത്ചന്ദ്രൻ ഐപിഎസ് സഫീറിന് പഠിക്കാനുള്ള പ്രചോദനം കൂടിയായിരുന്നു. ഭരത്ചന്ദ്രനെപ്പോലെ കാക്കിയിടുന്നതും അഴിമതിക്കെതിരെ പോരാടുന്നതുമാണ് തന്റെ സ്വപ്നമെന്ന് പല അഭിമുഖങ്ങളിലും സഫീർ പറഞ്ഞിട്ടുമുണ്ട്.
സിവിൽസർവീസ് പരീക്ഷയ്ക്ക് പഠിക്കുന്ന സമയത്ത് മുറിയുടെ ചുമരുകൾ മുഴുവൻ ഭരത്ചന്ദ്രൻ ഐപിഎസ് എന്ന കഥാപാത്രത്തിന്റെ ചിത്രങ്ങളായിരുന്നു. യുപിഎസി അഭിമുഖത്തിലും സിനിമ കണ്ടാണ് ഐപിഎസ് ആയതെന്ന് പറയാനുള്ള ചങ്കൂറ്റം സഫീർ കാണിച്ചിട്ടുണ്ട്.
ആലുവയിലുള്ള സ്വന്തം കോച്ചിങ് സെന്ററിൽ സിവിൽസർവീസ് കോച്ചിങ് നൽകുന്നതിനോടൊപ്പം പഠിച്ചാണ് സഫീർ പരീക്ഷ പാസായത്. ഐപിഎസ് ആയ ശേഷം ഏറെ ആരാധിക്കുന്ന സുരേഷ്ഗോപിയെ നേരിട്ട് കാണുകയും ചെയ്തിരുന്നു.
പരീക്ഷ ജയിക്കാൻ സിനിമയാണ് കാരണമായതെങ്കിൽ പിടിക്കപ്പെടാനുള്ള പ്രചോദനം ലഭിച്ചതും സിനിമയിൽ നിന്നു തന്നെയാണ്. സഞ്ജയ്ദത്ത് നായകനായ മുന്നാഭായി എംബിബിഎസിലും നായകൻ പരീക്ഷജയിക്കാൻ ബ്ലൂടൂത്ത് ഉപയോഗിച്ചാണ് കോപ്പിഅടിക്കുന്നത്.
ഷർട്ടിൽ ഘടിപ്പിച്ച രഹസ്യക്യാമറ ഉപയോഗിച്ചാണ് സഫീർ ഭാര്യ ജോയ്സി ജോയ്‌ക്ക് ചോദ്യപേപ്പർ അയച്ചുകൊടുത്തത്. ചോദ്യപേപ്പർ ലഭിച്ച ഭാര്യ, ഫോണിൽ ബ്ലൂ ടൂത്ത് വഴി ഉത്തരങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. എഗ്‍മോറിലെ സ്കൂളിലായിരുന്നു പരീക്ഷ. സഫീറിനെതിരെ വഞ്ചനാക്കുറ്റം അടക്കമുള്ളവയാണു ചുമത്തിയിട്ടുള്ളത്. സമാന കുറ്റങ്ങൾ ജോയ്സിനെതിരെയും ചുമത്തുമെന്നാണ് അറിയുന്നത്. കാഞ്ഞിരപ്പള്ളി സ്വദേശിയാണ് ജോയ്സി. കോപ്പിയടി നടത്തുന്നുണ്ടെന്ന സംശയത്തെത്തുടർന്ന് സഫീർ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. പ്രൊബേഷനിലുള്ള സഫീറിനെ, കുറ്റം തെളിഞ്ഞാൽ ഐപിഎസിൽനിന്നു പുറത്താക്കിയേക്കും.