മഴ കഴിഞ്ഞിട്ടും മഴക്കെടുതിക്ക് ശമനമില്ലാതെ കുട്ടനാടന്‍ മേഖല. കുട്ടനാട്ടിലെ പലഭാഗങ്ങളിലും ഇപ്പോഴും വീടുകള്‍ വെള്ളക്കെട്ടിന് നടുവിലാണ്. പുറത്തേക്കിറങ്ങാന്‍പോലുമാകാതെ ജനങ്ങള്‍ നട്ടംതിരിയുകയാണ്.
പത്തനംതിട്ട നിരണം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍നിന്നുള്ള കാഴ്ചയാണിത്. സ്വന്തം വീട്ടിലേക്കുള്ള നടവഴിയില്‍ ഇപ്പോഴും കഴുത്തറ്റം വെള്ളംകെട്ടിക്കിടക്കുന്നതുകൊണ്ടുള്ള ദുരിതം. നടപ്പുവഴിയുടെ ഇരുവശങ്ങളിലും കുഴി ആയതിനാല്‍ പുരുഷന്‍മാര്‍ മാത്രമാണ് കഴുത്തറ്റം വെള്ളത്തിലൂടെ സഞ്ചരിക്കുന്നത്. കൂലിപ്പണിക്ക് പോകുന്നവരാണ് ഈ ഭാഗത്തുള്ളത്.
ഈ തുരുത്തിലുള്ളവര്‍ ഉള്‍പ്പെടെ പതിന്നാല് കുടുംബങ്ങളാണ് വെള്ളക്കെട്ടിന് നടുവില്‍ കഴിയുന്നത്. പ്രദേശത്തേക്കുള്ള റോഡിലും വെള്ളം നിറഞ്ഞിരിക്കുകയാണ്. റോഡ് രണ്ടടിയെങ്കിലും ഉയര്‍ത്തിയാല്‍ യാത്രാദുരിതമെങ്കിലും മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം ഇതേ അവസ്ഥയാണ്.