നെടുമ്പാശേരി വിമാനത്താവളം വഴി വീണ്ടും മനുഷ്യക്കടത്തിന് ശ്രമം. തമിഴ്നാട് തഞ്ചാവൂർ സ്വദേശിയായ ഒരാൾ പിടിയിലായി. ചതിയിൽപെട്ട് വിദേശത്തേക്ക് പോകാനെത്തിയ രണ്ടുപേരെയും ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തു.
നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്ത് ഒരിടവേളക്ക് ശേഷം വീണ്ടും സജീവമായതായാണ് സൂചനകൾ പുറത്തുവരുന്നത്. എണ്ണക്കമ്പനിയിൽ ജോലിക്കെന്ന പേരിൽ പുറപ്പെട്ട നാൽപതോളം പേരെ അടുത്തയിടെ തിരിച്ചയച്ചിരുന്നു. ഇതോടെ മനുഷ്യക്കടത്ത് തടയാന്‍ പരിശോധനകൾ കർശനമാക്കിയിരിക്കെയാണ് പുതിയ അറസ്റ്റ് ഉണ്ടാകുന്നത്. തമിഴ്നാട്ടിൽ നിന്നുതന്നെയുള്ള രണ്ടുപേരുമായാണ് തഞ്ചാവൂരിൽ നിന്നുള്ള ഷാഹുൽ ഹമീദ് വിമാനത്താവളത്തിലെത്തിയത്. മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കും അയക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇരുവരുടെയും പക്കൽ നിന്നായി ഒന്നരലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. എന്നാൽ വാഗ്ദാനം ചെയ്ത തൊഴിൽ വീസക്ക് പകരം ടൂറിസ്റ്റ് വീസയാണ് നൽകിയിരുന്നത്. ഇമിഗ്രേഷനിലെ ക്യൂവിൽ നിന്ന ഇവരെ സംശയം തോന്നി ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ചോദ്യംചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്. ഷാഹുൽ ഹമീദിനെ നെടുമ്പാശേരി പൊലീസിന് കൈമാറി കേസ് റജിസ്റ്റർ ചെയ്തു.
കൂടുതൽ പേരെ ഈസംഘം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം തുടങ്ങി. തൊഴിൽ തട്ടിപ്പിനാണ് തൽക്കാലം കേസെടുത്തിട്ടുള്ളത്. കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് മറ്റ് വകുപ്പുകളും കേസിൽ ചേർക്കും. ഇമിഗ്രേഷനിലെ ഏതെങ്കിലും ഉദ്യോഗസ്ഥരുടെ പിന്തുണ ഇവർക്കുണ്ടോ എന്ന് കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.