വർഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കാസർകോട് കോട്ടപ്പുറം അച്ചാംതുരുത്തി പാലം പൂര്‍ത്തിയായി. ചെറുവത്തൂര്‍ പഞ്ചായത്തിലെ അച്ചാംതുരുത്തിയേയും നീലേശ്വരം നഗരസഭയിലെ കോട്ടപ്പുറത്തെയും ബന്ധിപ്പിക്കുന്നതാണ് പുതിയ പാലം.
2009ലെ മലബാര്‍ പാക്കേജില്‍ ഉള്‍പെടുത്തിയാണ് കോട്ടപ്പുറം അച്ചാംതുരുത്തി പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. മുപ്പത് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനായിരുന്നു കരാര്‍. എന്നാല്‍ പലവിധ കാരണങ്ങളെത്തുടര്‍ന്ന് ഒച്ചിഴയുന്ന വേഗത്തിലാണ് പാലത്തിന്റെ നിര്‍മ്മാണം നടന്നത്. ജോലികള്‍ വൈകുന്നതിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ വലിയ പ്രഷേധങ്ങള്‍ സംഘടിപ്പിച്ചു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പാലം പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഇതോടെ ചെറുവത്തൂരിലേയും, നീലേശ്വരത്തേയും ജനങ്ങളുടെ വര്‍ഷങ്ങളായുള്ള യാത്രദുരിതത്തിനാണ് പരിഹാരമാകുന്നത്. ഒപ്പം കാസര്‍കോട് നിന്ന് കണ്ണൂരിലേയ്ക്കുള്ള യാത്രയില്‍ പതിനഞ്ച് കിലോമീറ്റര്‍ ലാഭിക്കാം. രണ്ടുമാസത്തിനുള്ളില്‍ ഉദ്ഘാടനം നടത്താനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം.
അപ്രോച്ച് റോഡിന്റെ നിര്‍മ്മാണ ജോലികളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. ഇത് വേഗത്തില്‍ തീര്‍ക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഒപ്പം അവസാനവട്ട മിനുക്ക് പണികളും തീര്‍ത്ത് നവംബര്‍ അദ്യവാരത്തില്‍ പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കും.