വയനാട് ജില്ലയിലെ തകർന്ന റോഡുകൾ നന്നാക്കുന്നതിന് ജില്ലാഭരണകൂടത്തിന്റെ ഇടപെടൽ പാഴായി.രണ്ടാഴ്ചയ്ക്കകം എല്ലാ വിഭാഗം റോഡുകളുടെയും അറ്റകുറ്റപ്പണികൾ തുടങ്ങുമെന്ന് പറഞ്ഞെങ്കിലും ഒരിടത്തും നവീകരണം തുടങ്ങിയില്ല. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കരാറുകാർ നിസഹകരിക്കുന്നതാണ് കാരണം.
വയനാട്ടിലെ പ്രധാനപ്പെട്ട റോഡുകളെല്ലാം തകർന്നു തരിപ്പണമായിക്കിടക്കുകയാണ്. ആദിവാസി, ഗ്രാമീണ മേഖലകളിലേക്കുള്ള റോഡുകൾ പൊട്ടിത്തകർന്നതോടെ ചില ബസ് സർവീസുകൾ നിർത്തിവെക്കുകപോലുമുണ്ടായി. നാഷണൽഹൈവേ, പിഡബ്ലുഡി റോഡുകളുടെ അറ്റകുറ്റപ്പണികൾ ഈ മാസം 15 നകം തുടങ്ങുമെന്നായിരുന്നു ഉറപ്പ്.
അറുപത് വർക്കുകൾക്ക് ടെണ്ടർ വിളിച്ചെങ്കിലും രണ്ട് വർക്കുകൾ മാത്രമാണ് കരാറുകാർ ഏറ്റെടുത്തത്. ഹിൽ ട്രാക്ക് അലവൻസ് വർധിപ്പിക്കുക കോസ്റ്റ് ഇൻഡക്സ് പ്രശ്നം പരിഹരിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
നേരത്തെ ഒരു ചർച്ച നടന്നെങ്കിലും വിട്ടുവീഴ്ച ചെയ്യാൻ തയാറല്ലെന്ന് കരാറുകാർ പറയുന്നു. അടിയന്തിര അറ്റകുറ്റപ്പണികൾക്കായി കൽപറ്റ, മാനന്തവാടി നിയോജകമണ്ഡലങ്ങൾക്ക് രണ്ടരക്കോടി രൂപയും ബത്തേരി മണ്ഡലത്തിന് ഒന്നരക്കോടിയും അനുവദിച്ചിരുന്നു.
ഇതൊന്നും ഉപയോഗപ്പെടുത്താനായിട്ടില്ല. പി.എം.ജി.എസ്.വൈ റോഡുകളെക്കുറിച്ച് ചർച്ച ചെയ്യാനുള്ള യോഗവും വിളിച്ചു ചേർത്തിട്ടില്ല.