കൊതുകു നശീകരണത്തിന് ഗപ്പി മൽസ്യങ്ങളെ വളർത്തുന്ന പുതിയ പദ്ധതിയുമായി കോഴിക്കോട് കോർപ്പറേഷൻ. അടുത്ത വേനൽക്കാലത്തിനു മുമ്പായി നഗരത്തിലെ വീടുകളിലേക്ക് ഒരു ലക്ഷം മൽസ്യങ്ങളെ വിതരണം ചെയ്യുകയാണ് ലക്ഷ്യം.
മലേറിയ, ചിക്കുൻ ഗുനിയ തുടങ്ങി ജലജന്യരോഗങ്ങളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതിക്ക് കോർപ്പറേഷൻ തുടക്കം കുറിച്ചത്. ആഴം കുറഞ്ഞ കിണറുകളിലും ടാങ്കുകളിലും ഗപ്പികളെ നിക്ഷേപിക്കും. അഞ്ചുലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ്. കൊതുകിന്റെ കൂത്താടി ഇഷ്ടഭക്ഷണമായ ഗപ്പിമൽസ്യം കൊതുകുനിവാരണത്തിനുള്ള മികച്ച മാർഗമാണ്.
കോർപ്പറേഷന്റെ 21 ഹെൽത്ത് ഇൻസ്പെക്ടർ ഒാഫിസുകളിലും ഹാച്ചറികൾ സ്ഥാപിക്കും. ഡിസംബറോടെ ഹാച്ചറികളിൽ മൽസ്യങ്ങളെ എത്തിക്കാനാണ് ശ്രമം. രണ്ടു ഫൈബർ ടാങ്കുകൾ സ്ഥാപിച്ചാണ് ഗപ്പി വളർത്തുന്നത്. വളരെ പെട്ടെന്നു പെറ്റു പെരുകുന്ന മൽസ്യങ്ങളെ അടുത്ത ഫെബ്രുവരി മാർച്ച് മാസങ്ങളിൽ വീടുകളിലേക്ക് വിതരണം ചെയ്യും. ആദ്യഘട്ടമായി തീരദേശമേഖലയിൽ നടപ്പാക്കാനാണ് പദ്ധതി.