പാലക്കാട് നഗരസഭയിൽ ബിജെപി കൗൺസിലർക്കെതിരെ നഗരസഭാ സെക്രട്ടറി ഉന്നയിച്ച ആരോപണത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്താൻ നഗരസഭാ കൗൺസിൽ തീരുമാനം. സ്വകാര്യ ക്ലബിന്റെ ഭക്ഷണശാലയ്ക്ക് ലൈസൻസ് നൽകാൻ കൗൺസിലർ എൻ ശിവരാജൻ സമ്മർദം ചെലുത്തിയെന്ന ആരോപണമാണ് അന്വേഷിക്കുക. സെക്രട്ടറിയുടെ അസാന്നിധ്യത്തിലാണ് കൗൺസിൽ തീരുമാനമെടുത്തത്.
കഴിഞ്ഞ നഗരസഭാ കൗൺസിലിൽ നഗരസഭാ സെക്രട്ടറി രഘുരാമൻ ആരോപണം ഉന്നയിച്ചെങ്കിലും അന്ന് മിണ്ടാതിരുന്നവരൊക്കെയാണ് ഇന്നലത്തെ കൗൺസിൽ യോഗത്തിൽ ശബ്ദമുയർത്തി തർക്കിച്ചത്. ആരോപണം അന്വേഷിക്കണമെന്ന് സിപിഎം കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടതോടെ മറുപടി കൊടുക്കാൻ ഭരണകക്ഷിയായ ബിജെപിയും തയ്യാറായി. ക്ലബിന് ഭക്ഷണശാല പ്രവർത്തിപ്പിക്കാൻ ഉപാധികളോടെ ലൈസൻസ് കൊടുത്ത സെക്രട്ടറിക്കെതിരെ അന്വേഷണം വേണമെന്നായിരുന്നു ബിജെപി കൗൺസിലർമാരുടെ വാദം. കൗൺസിലറും, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റൂമായ എൻ ശിവരാജനാണ് ആരോപണ വിധേയൻ. തർക്കം രൂക്ഷമായതോടെ വിജിലൻസ് അന്വേഷണം നടത്താൻ ആവശ്യപ്പെടാൻ കൗൺസിൽ യോഗം തീരുമാനിച്ചു.
നഗരത്തിലെ ടൗൺ സ്ക്വയർ ക്ളബിന് ഭക്ഷണശാല ലൈസൻസ് നൽകാൻ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ശിവരാജൻ ആവർത്തിച്ചു. സെക്രട്ടറിയുടെ അസാന്നിധ്യത്തിലായിരുന്നു കൗൺസിൽ യോഗം. സംഭവം വിവാദമായതും യുവജന സംഘടനകൾ പ്രതിഷേധിച്ചതും ഭരണകക്ഷിയായ ബിജെപിക്ക് ക്ഷീണമുണ്ടാക്കിയിരുന്നു.