നിര്‍മാണം പൂർത്തിയായിട്ടും യാത്രക്കാര്‍ക്ക് ഗുണമില്ലാതെ കാസര്‍കോട് ബേക്കൽ മൗവ്വൽ പാലം. അപ്രോച്ച് റോഡില്ലാത്തതാണ് പാലത്തെ നോക്കുകുത്തിയാക്കിയത്.
ഉദുമ.പളളിക്കര പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് മൗവ്വൽ പരയങ്ങാനം റഗുലേറ്റർ കം ബ്രിഡ്ജ്. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയായിരുന്നു ഈ പാലത്തിന്റെ നിര്‍മാണം. ഒരു കോടി രൂപയാണ് ചെലവ്. പാലം പൂര്‍ത്തിയായാല്‍ മൗവ്വൽ, പരയങ്ങാനം, അരവത്ത് എന്നീ പ്രദേശങ്ങളിൽ ഉള്ളവർക്ക് കാസര്‍കോട് നഗരത്തിലേയ്ക്കും ദേശീയ പാതയിലേയ്ക്കും എളുപ്പത്തില്‍ എത്തിച്ചേരാൻ സാധിക്കും എന്നായിരുന്നു പ്രതീക്ഷ. പാലത്തിന്റെ പണിതീര്‍ന്നിട്ടും അപ്രോച്ച് റോഡ് നിര്‍മാണം വൈകീയതോടെ മൗവ്വൽ പാലം വെറും കാഴ്ചവസ്തുവായി.
പ്രശ്നം പലകുറി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇതുവരെ അനുകൂലമായ നടപടികളൊന്നുമുണ്ടായില്ലെന്നും പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു. ആവശ്യത്തിന് ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് റോഡ് നിര്‍മാണ് ഇഴയുന്നത്. പ്രശ്നത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.