കണ്ണൂർ തളിപ്പറമ്പ് ബൈപാസ് നിർമാണത്തിനെതിരെ പ്രക്ഷോഭം വ്യാപിക്കുന്നു. കീഴാറ്റൂരിന് പുറമെ കുപ്പത്തും പ്രക്ഷോഭവുമായി നാട്ടുകാർ ഒത്തുചേർന്നു. ഇരുപത്തിയഞ്ച് വീടുകളാണ് ഇവിടെ എറ്റെടുക്കുന്നത്.
നിർദിഷ്ട ബൈപാസ് ആരംഭിക്കുന്ന കുപ്പം ഗ്രാമത്തിലെ ജനങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കീഴാറ്റൂരിൽ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന വയൽക്കിളി പ്രവർത്തകരും പിന്തുണയുമായി കുപ്പത്തെത്തി. വയൽ നികത്തിയും വീട് ഏറ്റെടുത്തും നടത്തുന്ന ദേശീയപാത വികസനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് പ്രതിഷേധയോഗം പിരിഞ്ഞത്. നിലവിലുള്ള ദേശീയപാത വികസിപ്പിച്ചാൽ മതിയെന്ന നിലപാടിൽ ഇവിടുത്തുകാരും ഉറച്ച് നിൽക്കുകയാണ്.
ബൈപാസ് കടന്നുപോകുന്ന സ്ഥലങ്ങളിലെ മുഴുവൻ നാട്ടുകാരും ഒന്നിപ്പിച്ച് സമരത്തിനിറങ്ങാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നിലവിൽ സിപിഎം പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽനടന്ന ജനകീയ സമരത്തെത്തുടർന്ന് പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ സർക്കാർ നിറുത്തിവെച്ചിരിക്കുകയാണ്.