ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ മാലിന്യപ്രശ്നത്തിനു ശാശ്വത പരിഹാരമായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഒരുങ്ങുന്നു. ആരോഗ്യ വകുപ്പ് അനുവദിച്ച അരക്കോടി രൂപ വിനിയോഗിച്ചാണു പദ്ധതി.
ആശുപത്രി മോർച്ചറിക്ക് സമീപമാണ് പിഡബ്ല്യൂഡി കെട്ടിട വിഭാഗത്തിന്റെ നേതൃത്വത്തിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഒരുങ്ങുന്നത്. കൂറ്റൻ സംഭരണിയിലെത്തിക്കുന്ന മലിനജലം ശുദ്ധീകരിച്ച് ഉപയോഗയോഗ്യമാക്കാനുള്ള പദ്ധതിയാണിത്.
ശുദ്ധീകരിച്ച വെള്ളം കാർഷിക ആവശ്യങ്ങൾക്കും തുണി അലക്കാനും മറ്റും ഉപയോഗിക്കാം. രണ്ടു മാസം കൊണ്ടു നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാകുമെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ അറിയിച്ചു. നേരത്തെ ആശുപത്രിയിലെ ശുചിമുറികളിലേയും കുളിമുറികളിലേയും മലിനജലം സെപ്റ്റിക് ടാങ്കിലേക്ക് ഒഴുക്കിവിട്ടിരുന്നതാണ് ഗുരുതരമായ മാലിന്യപ്രശ്നം സൃഷ്ടിച്ചത്. ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണം പൂർത്തിയാകുന്നതോടെ പ്രശ്നത്തിനു ശാശ്വത പരിഹാരമാകും.