ഉത്തര മലബാറിൽ ഇനി തെയ്യക്കാലം. കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരാർ കാവിലെ കളിയാട്ടത്തോടെയാണ് തെയ്യക്കാലത്തിന് തുടക്കമായത്. ഇനിയുള്ള എട്ടു മാസക്കാലം തട്ടകങ്ങളിൽ ആളും ആരവവും നിറയും. വീരാർക്കാവിലെ പ്രധാന തെയ്യമായ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ ഒരുക്കങ്ങൾ നേരത്തെ ആരംഭിച്ചു. വൈകീട്ട് നാലു മണിയോടെയായിരുന്നു പുറപ്പാട്.
അലങ്കാരങ്ങൾ ചാർത്തിയെത്തിയ ഭഗവതിയുടെ അനുഗ്രഹത്തിനായി നിരവധി ഭക്തരാണ് കാത്തുനിന്നത്. മേളത്തിന്റെ കയറ്റിറക്കങ്ങളിൽ ഉറഞ്ഞുതുള്ളി മൂവാളംകുഴി ചാമുണ്ഡി ഭക്തർക്ക് ആനുഗ്രഹാശിസുകൾ ചൊരിഞ്ഞു. ഇടമന തന്ത്രി താന്ത്രിക വിദ്യകള്‍ കൊണ്ട് ബന്ധനസ്ഥയാക്കിയ ദേവി മോചിതയായി ഉഗ്രരൂപത്തില്‍ പുറത്തെത്തുന്നു എന്നാണ് ഈ തെയ്യക്കോലത്തിന് പിന്നിലെ ഐതിഹ്യം.
തുലാം പത്ത് മുതലാണ് ഉത്തരമലബാറിലെ കാവുകളിലും ക്ഷേത്രങ്ങളിലും തെയ്യക്കാലത്തിന് തുടക്കമാകുന്നത്. നൃത്തവും, വാദ്യവും, ഗീതവും, ചിത്രകലയും, ശില്പകലയുമെല്ലാം ഒരോ തെയ്യക്കോലത്തിലും സമ്മേളിക്കുന്നു. ആചാരാനുഷ്ഠാനങ്ങൾക്കപ്പുറം ഒരു ദേശത്തിന്റെ സംസ്കാരവും പൈതൃകവുമെല്ലാം ചേരുന്ന ഒരു കലാരൂപം കൂടിയാണ് തെയ്യം. നാടിന്റെ ഐശ്വര്യത്തിനും, കാര്‍ഷിക സമൃദ്ധിക്കുമെല്ലാമായി ഇനി ഇടവമാസം പകുതിവരെ വടക്കിന്റെ മണ്ണില്‍ തെയ്യങ്ങള്‍ ഉറഞ്ഞുതുള്ളും.