കാസർകോട് ജില്ലാ ഭരണകൂടത്തിന്റെ അവഗണക്കെതിരെ അജാനൂർ കടപ്പുറം നിവാസികളുടെ പ്രതിഷേധം. കരയിടിച്ചിലിനെത്തുടർന്ന് തകർന്നുവീഴാറായ മത്സ്യബന്ധന കേന്ദ്രത്തിന് സംരക്ഷണമൊരുക്കാം എന്നവാക്ക് അധികൃതർ ലംഘിച്ചതാണ് പ്രതിഷേധത്തിന് കാരണം.
കനത്തമഴയെത്തുടർന്ന് ഒരുമാസം മുമ്പാണ് അജാനൂര കടപ്പുറത്തെ പുലിമുട്ട് തകർന്ന്. ഇതോടെ ഗതിമാറിയൊഴുകിയ ചിത്താരിപ്പുഴയാണ് കടപ്പുറത്തെ മത്സ്യബന്ധന കേന്ദ്രത്തിന് ഭീഷണിയായത്. ഓരോദിവസം കഴിയുന്തോറും തീരം ഇടിഞ്ഞു. സ്ഥിതി ഗുരുതരമായതോടെ കഴിഞ്ഞ ദിവസം വൈകീട്ട് ജില്ലാ കലക്ടർ കെ.ജീവൻ ബാബുവും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മത്സ്യബന്ധന കേന്ദ്രത്തിന് സംരക്ഷണമായി ബണ്ട് നിർമ്മിക്കാൻ തീരുമാനിച്ചു. ഇതിനുള്ള ഫണ്ട് ജില്ലാ ഭരണകൂടം അനുവദിക്കുമെന്നും കലക്ടർ ഉറപ്പുനൽകി. എന്നാൽ ബണ്ട് നിർമ്മാണത്തിന് ഫണ്ട് അനുവദിക്കാൻ സാങ്കേതിക തടസമുണ്ടെന്ന് പറഞ്ഞ് കലക്ടർ ചുവട് മാറ്റി. ഇതിനെത്തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. മത്സ്യതൊഴിലാളികൾ ഉൾപ്പെടെയുള്ള നാട്ടുകാരുടെ നേതൃത്വത്തിൽ മണൽച്ചാക്കുകൾ നിരത്തി താൽക്കാലിക ബണ്ട് ഒരുക്കി. രണ്ടായിരത്തോളം മണൽചാക്കുകളാണ് ഉപയോഗിച്ചാണ് മത്സ്യബന്ധന കേന്ദ്രത്തെ താൽക്കാലികമായി തകർച്ചയിൽ നിന്ന് സംരക്ഷിച്ചത്.
മഴക്കാലത്ത് യഥാസമയം അഴിമുറിച്ച് മാറ്റാത്തതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച മത്സ്യബന്ധന കേന്ദ്രത്തിന്റെ അപകടാവസ്ഥ നിരവധി തവണ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നും പരാതിയുണ്ട്.