കരയിടിച്ചിലിനെത്തുടർന്ന് തകർന്നു വീഴാറായ കാസർകോട് അജാനൂർ കടപ്പുറത്തെ മത്സ്യബന്ധന കേന്ദ്രത്തിന് ചുറ്റും ബണ്ട് നിർമ്മിക്കും. മനോരമന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ കടപ്പുറത്തെത്തി സ്ഥിതി വിലയിരുത്തി. മല്‍സ്യത്തൊഴിലാളികളുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു
കനത്തമഴയെത്തുടർന്ന് ഒരുമാസം മുമ്പ് അജാനൂര് കടപ്പുറത്തെ പുലിമുട്ട് തകർന്നു. ഇതോടെ ഗതിമാറിയൊഴുകിയ ചിത്താരിപ്പുഴ കടപ്പുറത്തെ മത്സ്യബന്ധന കേന്ദ്രത്തിന് ഭീഷണിയായി. ഓരോദിവസം കഴിയുന്തോറും തീരം ഇടിഞ്ഞു. നാട്ടുകാർ പരാതിയുമായി കലക്ടർ അടക്കമുള്ളവരെ സമീപിച്ചെങ്കിലും എല്ലാവരും കൈമലർത്തി. ഇതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ മണൽച്ചാക്കുകൾ നിരത്തി മത്സ്യബന്ധന കേന്ദ്രത്തിന് താൽക്കാലിക സംരക്ഷണം ഒരുക്കി. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കേന്ദ്രത്തിന്റെ അപകടാവസ്ഥ മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
പ്രശ്നം ശ്രദ്ധയിൽപ്പെട്ടതോടെ തുറമുഖ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നേരിട്ട് അജാനൂർ കടപ്പുറത്ത് എത്തി. സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തിരമായി മത്സ്യബന്ധന കേന്ദ്രത്തിന് സുരക്ഷയൊരുക്കാൻ ദുരന്തനവാരണ അതോററ്റിയോട് മന്ത്രി നിർദ്ദേശിച്ചു. കരയിടിച്ചിലിന് ശാസ്ത്രിയമായ പരിഹാരം കണ്ടെത്താൻ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തും. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കും.
ആലപ്പുഴയിൽ നടപ്പാക്കിയതുപോലെ കയറിന്റെ ചാക്കിൽ മണൽ നിറച്ച് തടയണ ഒരുക്കാൻ സാധിക്കുമൊ എന്ന കാര്യവും പരിശോധിക്കും. മഴക്കാലത്ത് യഥാസമയം അഴിമുറിച്ച് മാറ്റാത്തതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമെന്നുള്ള നാട്ടുകാരുടെ പരാതിയും മന്ത്രി കേട്ടു.