കാസർകോട് പെരിയയിൽ രാജീവ് ദശലക്ഷം പാർപ്പിട പദ്ധതിയിൽ നിർമ്മിച്ച വീടുകൾ കാടുമൂടി. സ്വന്തമായി ഒരു വീടെന്ന സ്വപ്നവുമായി നടക്കുന്നവർക്ക് ഏറെ ആശ്വാസമാകുന്ന പദ്ധതിയാണ് അധികൃതരുടെ പിടിപ്പുകേടുകൊണ്ട് ഗുണമില്ലാതെ നശിക്കുന്നത്.
ചോർന്നൊലിക്കുന്ന കോൺക്രീറ്റ് മേൽക്കൂര. ചിതലെടുത്ത വാതിലുകളും ജനലുകളും. ഒരിക്കൽ 13 കുടുംബങ്ങൾക്ക് ആശ്രയമായിരുന്ന കോളനിയുടെ ഇന്നത്തെ കാഴ്ചയാണിത്. 20 വർഷങ്ങൾ മുൻപ് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച രാജീവ് ദശലക്ഷം പാർപ്പിട പദ്ധതിയിൽ കാഞ്ഞങ്ങാട് ബ്ലോക്കിനായി അനുവദിച്ച വീടുകൾക്കാണ് ഈ ദുർഗതി. സ്വന്തമായി ഭൂമിയും വീടുമില്ലാത്തവർക്ക് നാമമാത്ര തുക അടച്ചാൽ ഭൂമിയും വീടും നൽകുന്നതായിരുന്നു പദ്ധതി. അർഹരായവരെ കണ്ടെത്തി വീടുകൾ കൈമാറിയെങ്കിലും കുടിവെള്ളവും, റോഡുമില്ലാതായതോടെ ആദ്യവർഷങ്ങളിൽ തന്നെ ഗുണഭോക്താക്കൾ വീടൊഴിഞ്ഞുപോയി. ഇപ്പോൾ ഒരു വീട്ടിൽ ഉറ്റവരില്ലാത്ത ഒരു കുടുംബം താമസിക്കുന്നു. പുതിയ ഗുണഭോക്താക്കളെ കണ്ടെത്താൻ അധികൃതരും തയാറായില്ല.
യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാൽ തീർത്തും ഉപയോഗശൂന്യമായ നിലയിലാണ് എല്ലാ വീടുകളും. ഈയിനത്തിൽ സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.