ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെയുള്ള സമരത്തില്‍ വ്യത്യസ്ത പ്രതിഷേധവുമായി കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്ത് നിവാസികള്‍. പ്രധാനറോഡ് ഉപരോധിച്ച്, നടുറോഡില്‍ നിസ്കരിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ ശ്രമവും ഫലം കണ്ടില്ല.
വെയിലും മഴയും വകവയ്ക്കാതെ നാട്ടുകാര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു. ജനവാസമേഖലയിലൂടെയുള്ള ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് പക്ഷം. തുടര്‍ച്ചയായുള്ള പ്രതിഷേധങ്ങള്‍ ഫലം കാണാതായതോടെയാണ് റോഡ് ഉപരോധത്തിലേക്ക് നീങ്ങിയത്. നാട്ടുകാരെ തടയുന്നതിനും പിരിച്ചുവിടുന്നതിനുമായി വന്‍ പൊലീസ് സന്നാഹം എത്തിയെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാന്‍ തയാറായില്ല. വെള്ളിയാഴ്ച ദിവസം നിസ്കരിക്കാന്‍ സമരത്തില്‍ പങ്കെടുക്കുന്ന പലരും പിരിഞ്ഞുപോകുമെന്നു കരുതിയിരുന്ന പൊലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി നടുറോഡില്‍ തന്നെ നാട്ടുകാര്‍ നിസ്കരിച്ചു.
റോഡ് ഉപരോധസമരത്തില്‍ പങ്കെടുക്കാനെത്തിയ എം.ഐ ഷാനവാസ് എം.പി വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഉറപ്പ് നല്‍കി. ആശങ്കകള്‍ പരിഹരിക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍