പ്രാവുകളെ പ്രണയിക്കുന്ന ഒരു യുവാവ്. കണ്ണൂർ മാട്ടൂൽ സ്വദേശി സാബിർ അവ്വുമ്മാസാണ് പ്രാവുകൾക്ക് മാത്രമായി വീടൊരുക്കിയിരിക്കുന്നത്.
ഒന്നല്ല പത്തല്ല നൂറല്ല. ഒരായിരം പ്രാവുകളുണ്ട് സാബിറിന്റെ വീട്ടിൽ. വിദേശിയും സ്വദേശിയുമായ നൂറിലധികം ഇനങ്ങളുണ്ട്. പൂച്ചക്കൂട്ടിയെപോലെ ഇണങ്ങിയപ്രാവുകൾ സാബിറിന്റെ തോളത്തും കൈകളിലും ഇരിക്കുന്നു. മുറ്റത്തുകൂടി നടന്നും പറന്നും മടുത്തുകഴിയുമ്പോൾ പ്രാവുകൾ കുളിക്കുന്നത് രസകരമാണ്. കഴുത്തിന് നീളമുള്ള ഇംഗ്ലീഷ് ക്യാരിയര്‍ പ്രാവുകളും കൂട്ടിലുണ്ട്. പണ്ട് ദൂതന്‍മാരായി സേവനം ചെയ്തിരുന്നവരാണ് ഇവ. ബലൂൺ വീർപ്പിക്കുന്നതുപോലെ പ്രാവിന്റെ കഴുത്തില്‍ വായുനിറയ്ക്കുന്നതും കൗതുകമാണ്. ഇണകളെ ആകർഷിക്കുന്നതിനാണ് ഇങ്ങനെ കാറ്റ് നിറയ്ക്കുന്നത്.
രണ്ടാംക്ലാസിൽനിന്ന് ആരംഭിച്ചതാണ് പ്രാവ്സ്നേഹം. ചെറുതും വലുതുമായ ഇരുന്നൂറോളം കൂടുകളിലാണ് പ്രാവുകളെ വളർത്തുന്നത്. പത്തിലധികം ഇനത്തിൽപെട്ട തത്തകളും കൂട്ടിലുണ്ട്. വെള്ളം ചുണ്ടിലേക്ക് നൽകിയാൽ ഉയരങ്ങളിലേക്ക് പറന്നുയരുന്ന പറവകളും ഇവിടെയുണ്ട്. മണിക്കൂറുകളോളം പറന്നശേഷം കൂട്ടിലേക്ക് തന്നെ മടങ്ങിയെത്തും.