കാലപ്പഴക്കത്തിന്റെ പേരിൽ വാഹനങ്ങൾ കൂട്ടത്തോടെ ഉപേക്ഷിച്ച തിരുവനന്തപുരം കോർപറേഷൻ ലേലം ചെയ്യാനും നടപടി സ്വീകരിച്ചില്ല. ആറ് വർഷത്തിനിടെ എൺപതിലേറെ വാഹനങ്ങള്‍ വെറുതെ കിടന്ന് നശിച്ചതോടെ കോടികളാണ് പാഴായത്. വിളപ്പിൽശാല മാലിന്യസംസ്കരണ ഫാക്ടറി പൂട്ടിയതാണ് ഇത്രയധികം വാഹനങ്ങൾ ഉപേക്ഷിക്കാന്‍ കാരണം.
തുരുമ്പ് പിടിച്ചും കാട് കയറിയും ഈ വാഹനങ്ങൾ ഇവിടെ കിടക്കാൻ തുടങ്ങിയിട്ട് ആറ് വർഷത്തിലേറെയായി. വിളപ്പിൽശാല മാലിന്യ സംസ്കരണ ഫാക്ടറിയിലേക്ക് മാലിന്യമെടുക്കാനായി വാങ്ങിയതായിരുന്നു ഇവയെല്ലാം. ഫാക്ടറി പൂട്ടിയതോടെ ഇവയെല്ലാം പലയിടത്തായി കൊണ്ടുതള്ളി. ഉപയോഗമില്ലങ്കിൽ ലേലം ചെയ്ത് വിൽക്കണമെന്ന സാമാന്യ നിയമം പോലും കോർപ്പറേഷൻ പാലിച്ചില്ല.
ലോറിയും ഓട്ടോയും ടിപ്പറുമടക്കം 85 ലേറെ വാഹനങ്ങളാണ് ഇങ്ങിനെ കിടക്കുന്നത്. കാലപ്പഴക്കമില്ലാത്ത വാഹനങ്ങൾ വെറുതേയിട്ട് , കോടികൾ മുടിപ്പിച്ചതിനൊപ്പം ലേലം ചെയ്താൽ കിട്ടിയിരുന്ന പണവും പാഴാക്കി. ഇപ്പോൾ പകുതിയിലേറെ വാഹനങ്ങൾ വിറ്റാലും തുരുമ്പിന്റെ വിലപോലും കിട്ടാത്ത അവസ്ഥയായി.