കെ.എംമാണിയെ എൽഡിഎഫിലേക്കെത്തിക്കാൻ നീക്കം. എൽഡിഎഫ് ഘടക കക്ഷി നേതാവായ സ്കറിയാ തോമസാണ് നീക്കങ്ങളുടെ സൂത്രധാരൻ. സമാനചിന്താഗതിക്കാരായ കേരളാ കോൺഗ്രസുകളെ യോജിപ്പിച്ചുള്ള പുതിയ സഖ്യത്തിൽ പി.സി. ജോർജ്, ഫ്രാൻസിസ് ജോർജ്, പി.സി. തോമസ് എന്നിവരെ ഉൾപ്പെടുത്തിയിട്ടില്ല. കർഷക കൂട്ടായ്മ എന്ന പുതിയ മുന്നറ്റത്തിൽ ഇൻഫാം, കത്തോലിക്കാ കോൺഗ്രസ് എന്നിവയുടെ പിന്തുണയും ഉറപ്പാക്കാനാണ് നീക്കം.
കേരളാ കോൺഗ്രസ് മാണി വിഭാഗത്തിൽ നിന്ന് വിട്ടു പിരിഞ്ഞ സ്കറിയാ തോമസ് വീണ്ടും മാണിയുമായി കൈകോർക്കുന്നു. ജേക്കബ് വിഭാഗത്തിലെ ജോണി നെല്ലൂരും പുതിയ സഖ്യത്തിലുണ്ട്. കർഷകരുടെ പ്രശ്നങ്ങൽ സജീവ ഇടപെടലിനുള്ള നീക്കം എന്നു പറയുമ്പോഴും കെ.എം.മാണിയുമായി സഹകരിക്കാൻ കഴിയുന്ന കേരളാ കോൺഗ്രസുകളുടെ യോജിപ്പാണ് ലക്ഷ്യം വയ്ക്കുന്നത്, സിപിഎം അറിവോടയുള്ള ഈ നീക്കത്തിന് കത്തോലിക്കാ സഭയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുമുണ്ട്.
സിപിഐയുട ശക്തമായ വിയോജിപ്പ് തുടരുമ്പോഴും കെ.എം.മാണിയെ ഇടതു പാളയത്തിലെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത് സ്കറിയാ തോമസാണ് . അഴിമതി ആരോപണങ്ങളിൽ കോടതി വിധികളെല്ലാം കെ എം.മാണിയ്ക്ക് അനുകൂലമാണെന്നും . എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും ഉൾപ്പെടെ അവഗണിച്ചപ്പോൾ കേരളാ കോൺഗ്രസിന് അഭയം നൽകിയ ഇടതുപക്ഷത്തെ മാണി മറക്കുമെന്ന് കരുതുന്നില്ലെന്നും സ്കറിയാ തോമസ് പറഞ്ഞു.
കേരളാ കോൺഗ്രസ് ജേക്കബ് ചെയർമാൻ ജോണി നെല്ലൂരും സഖ്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇവർകൂടി പങ്കെടുത്ത പ്രാരംഭ ചർച്ചകളും പലവട്ടം കഴിഞ്ഞു. അതേസമയം ജേക്കബ് വിഭാഗത്തിൽ പുതിയ സഖ്യത്തിനെതിരെ ഭിന്നിപ്പ് ഉയർന്നിട്ടുണ്ട്. കർഷക പ്രശ്നങ്ങൾക്കപ്പുറം രാഷ്ട്രിയമായ ഏതെങ്കിലും നീക്കങ്ങളോട് യോജിപ്പിലെന്നാണ് മാണി ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ നിലപാട്.

Advertisement