ജൂലൈ ഒന്നുമുതൽ ഹോട്ടൽ ഭക്ഷണത്തിന് വിലയേറും. ജിഎസ്ടി നിലവിൽ വരുന്നതോടെ അധിക നികുതി ഉപഭോക്താക്കളിൽ നിന്ന് ഇൗടാക്കാനൊരുങ്ങുകയാണ് ചെറുകിട ഹോട്ടലുകൾ. നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് നൽകിയ നിവേദനത്തിലാണ് ഇനി ഹോട്ടലുടമകളുടെ പ്രതീക്ഷ.
തലസ്ഥാനനഗരത്തിലെ ചെറുകിട ഹോട്ടലുകളിൽ ദിവസേന ഇരുപതിനായിരം രൂപയുടെ വരെ വിറ്റുവരവുണ്ടെന്നാണ് കണക്ക്. വാർഷിക വിറ്റുവരവാകട്ടെ എഴുപത്തിയഞ്ച് ലക്ഷംരൂപ വരെയും. ജിഎസ്ടി പ്രാബല്യത്തിൽ വരുന്നതോടെ ഇരുപത് ലക്ഷത്തിനുമേൽ വാർഷിക വിറ്റുവരവുള്ള ഹോട്ടലുകളുടെ നികുതി അര ശതമാനത്തിൽ നിന്ന് അഞ്ചായി ഉയരും. അധികമായി വരുന്ന നാലരശതമാനം നികുതി ഉപഭോക്താക്കളിൽ നിന്ന് തന്നെ ഇൗടാക്കേണ്ട സാഹചര്യമാണുള്ളതെന്ന് ഹോട്ടലുടമകൾ. ഉൗണിന് അൻപത് രൂപ ഇൗടാക്കിയിരുന്ന ഹോട്ടലുകളിൽ ഇനി ഉപഭോക്താവ് അൻപത്തിരണ്ടര രൂപ നൽകേണ്ടിവരുമെന്ന് ചുരുക്കം.
നികുതി കുറയ്ക്കണമെന്ന് ജി.എസ്.ടി കൗണ്‍സിൽ യോഗത്തിൽ ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ചെറുകിട ഹോട്ടലുകളെ അധിക നികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ കേന്ദ്ര സർക്കാരിന് നിവേദനം നൽകി. ഇതിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഹോട്ടലുടമകൾ.