എല്ലാ ഭൂമി ഇടപാടുകളും ആധാർ അധിഷ്ഠിതമാക്കണമെന്നു സംസ്ഥാനത്തിനു കേന്ദ്ര സർക്കാരിന്റെ നിർദേശം. ഇതിനായി രൂപീകരിക്കേണ്ട ചട്ടത്തിന്റെ കരടു സഹിതം റജിസ്ട്രേഷൻ ഐജിക്കു ലഭിച്ച കത്ത് അദ്ദേഹം സർക്കാർ നിലപാട് അറിയാൻ നികുതി സെക്രട്ടറിക്കു വിട്ടു. ക്ഷേമ പെൻഷൻ അടക്കമുള്ള മിക്ക ആനുകൂല്യങ്ങൾക്കും ഇതിനകം തന്നെ സംസ്ഥാന സർക്കാർ ആധാർ നിർബന്ധമാക്കിയതിനാൽ ഇക്കാര്യത്തിലും കേന്ദ്ര നിർദേശം അംഗീകരിക്കാനാണു സാധ്യത.
വില്ലേജ് ഓഫിസുകളിലെ പോക്കുവരവിനും ആധാർ നിർബന്ധമാക്കണമെന്നു ചട്ടത്തിലുണ്ട്. രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളും ഭൂമി റജിസ്ട്രേഷന് ആധാർ നിർബന്ധമാക്കിയിട്ടുണ്ടെന്നും കേരളവും ഇതിനു തയാറാകണമെന്നുമായിരുന്നു കത്തിലെ നിർദേശം. ഒരാളുടെ പേരിൽ രാജ്യത്ത് എവിടെയൊക്കെ, എത്രത്തോളം ഭൂമിയുണ്ടെന്നു കണ്ടെത്താൻ ആധാർ നിർബന്ധമാക്കുന്നതോടെ സാധിക്കും. സബ് റജിസ്ട്രാർ ഓഫിസിലെത്തി വിരലടയാളം മാത്രം നൽകിയാൽ വ്യക്തിയുടെ പൂർണ വിവരം ആധാർ ഡേറ്റാബേസിൽനിന്നു ലഭിക്കുന്ന തരത്തിലാണു പരിഷ്കാരം. ലാൻഡ് റവന്യു കമ്മിഷണർക്കും സമാന നിർദേശം കേന്ദ്രത്തിൽനിന്നു ലഭിച്ചു.
1988 മുതലുള്ള റജിസ്ട്രേഷൻ രേഖകൾ കംപ്യൂട്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഒരു വ്യക്തി, വ്യത്യസ്ത സബ് റജിസ്ട്രാർ ഓഫിസുകളിൽ നടത്തിയ റജിസ്ട്രേഷൻ കണ്ടുപിടിക്കുക ഒട്ടും എളുപ്പമല്ല. കഴിഞ്ഞ മാസം പ്രമുഖ നടന്റെ ഭൂമി ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിക്കാൻ റജിസ്ട്രേഷൻ വകുപ്പിന് ഓരോ സബ് റജിസ്ട്രാർമാർക്കും കത്തയയ്ക്കേണ്ടി വന്നു.
ഭൂമി ഇടപാടുകളറിയാം, ഒറ്റ ക്ലിക്കിൽ ആധാർ വന്നാൽ
റജിസ്ട്രേഷൻ വകുപ്പിന്റെ കംപ്യൂട്ടർ ശൃംഖലയിൽനിന്ന് ആധാർ നമ്പർ ഉപയോഗിച്ച് ഒരു വ്യക്തിയുടെ ഭൂമി ഇടപാടുകൾ മുഴുവൻ ഒന്നിച്ചു ശേഖരിക്കാം. ആദായനികുതി വകുപ്പിനും വിജിലൻസിനും മറ്റ് അന്വേഷണ ഏജൻസികൾക്കും ഒരാളുടെ സമ്പാദ്യം കണ്ടെത്തുക എളുപ്പമാകും.
ആൾമാറാട്ടങ്ങളും തിരിച്ചറിയാം.
നിലവിൽ 30 ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള ഇടപാടുകൾ നടത്തുന്നവരുടെ വിശദാംശം എല്ലാ മാസവും റജിസ്ട്രേഷൻ വകുപ്പ് ആദായനികുതി വകുപ്പിനു കൈമാറുന്നുണ്ട്. അഞ്ചു ലക്ഷം രൂപയിൽ കൂടുതൽ വിലയിട്ടു റജിസ്റ്റർ ചെയ്യുന്ന ആധാരങ്ങളുടെ വിവരം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുമുണ്ട്.
ഇപ്പോൾ നൽകേണ്ടത്
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകുന്ന തിരിച്ചറിയൽ കാർഡാണ് ഇപ്പോൾ ഭൂമി റജിസ്ട്രേഷനായി സമർപ്പിക്കേണ്ടത്. ഫോട്ടോയും മേൽവിലാസവുമുള്ള തിരിച്ചറിയൽ കാർഡുകളേ സ്വീകരിക്കൂ.
50 ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള ഭൂമിയാണെങ്കിൽ പാൻ കാർഡും നൽകണം. ചില സബ് റജിസ്ട്രാർമാർ 10 ലക്ഷത്തിനു മേലുള്ള ഇടപാടുകൾക്കും പാൻ കാർഡ് വേണമെന്നു നിർബന്ധം പിടിക്കുന്നുണ്ട്.
ഒരു കുടുംബത്തിനു 15 ഏക്കർ
പരിഷ്കരണ നിയമ പ്രകാരം അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിനു പരാമവധി കൈവശം വയ്ക്കാവുന്ന ഭൂമി 15 ഏക്കറാണ്.
30 ഏക്കറിൽ കൂടുതലുള്ള തോട്ടങ്ങളെ ഈ നിയമത്തിൽനിന്നും മിച്ചഭൂമി ഏറ്റെടുക്കൽ നടപടികളിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. റബർ, കാപ്പി, തേയില, ഏലം തുടങ്ങിയവയ്ക്കും കൃഷിചെയ്യുന്ന ഭൂമിക്കും 15 ഏക്കർ ഭൂപരിധി ബാധകമല്ല. എന്നാൽ, 29 ഏക്കർ വരെ തോട്ടം ഭൂമിയുള്ളവർ പ്രത്യേക പ്ലാന്റേഷൻ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഇളവിന് അപേക്ഷിക്കണം.