സ്ത്രീ പുരുഷ ബന്ധത്തിന്റെ വേറിട്ടത്തലം കാഴ്ചവച്ച ചിത്രമായായ തൂവാനത്തുമ്പികള്‍ പുറത്തിറങ്ങിയിട്ട് 30 വര്‍ഷം പിന്നിടുന്നു. പത്മരാജന്‍ രചനയും സംവിധാവും നിര്‍വഹിച്ച ചിത്രം ഇന്നും എക്കാലത്തെയും വലിയ ക്ലാസിക്ക് ഹിറ്റുകളിലൊന്നാണ്.
മണ്ണാര്‍തൊടി ജയകൃഷ്ണനും ക്ലാരയും രാധയും മലയാളിമനസില്‍ കുടിയേറിയിട്ട് മുപ്പതാണ്ട്. പത്മരാജന്റെ തന്നെ ചെറുകഥയായ ഉദകപ്പോള ആസ്പദമാക്കിയൊരുക്കിയ ചിത്രമായിരുന്നു തൂവാനത്തുമ്പികള്‍
സ്ത്രീപുരുഷ ബന്ധത്തിന് പുതിയ നിര്‍വചനം കുറിക്കുകയായിരുന്നു പത്മരാജന്‍. ജയകൃഷ്ണന്റെ പ്രണയം രാധയോടായിരുന്നെങ്കിലും ക്ലാര ജയകൃഷ്ണനില്‍ നിര്‍വചിക്കാനാവാത്ത ഒരുബന്ധമായി അവശേഷിക്കുന്നു. സഭ്യമായ രതിയുടെ സൗന്ദര്യതലങ്ങള്‍ക്കുള്ളില്‍ ആ അടുപ്പത്തെ ചിത്രീകരിക്കാനുള്ള കൈയടക്കം പത്മരാജനിലെ സംവിധായകപ്രതിഭ സമര്‍ഥമായി വിനിയോഗിച്ചു.
സൗന്ദര്യത്തിന്റെയും സ്വാതന്ത്യത്തിന്റയും തന്റേടത്തിന്റെയും പ്രതീകമായിരുന്നു ക്ലാര. അന്നുവരെ മലയാളി കണ്ടുപരിചയിക്കാത്ത ഇൗ കഥാപാത്രത്തെ പത്മരാജന്‍ അവതരിപ്പിച്ചതകട്ടെ മഴയെ കൂട്ടുപിടിച്ച്. ഇന്നും ആ മഴ മനസുകളില്‍ നിന്നും മനസുകളിലേക്ക് പെയ്തുകൊണ്ടിരിക്കുന്നു
സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും വൈറലാണ് തൂവാനത്തുമ്പിയില്‍ മോഹന്‍ലാലും അശോകനും ഉള്‍പ്പെടുന്ന ബാര്‍സീന്‍. മലയാളത്തിലെ മികച്ച ക്ലാസിക്ക് ഹിറ്റുകളിലൊന്നിന് 30 വയസ് പൂര്‍ത്തിയാക്കുമ്പോള്‍ ഇന്നും പകരംവയ്ക്കാന്‍ മറ്റൊരു ജയകൃഷ്ണനോ ക്ലാരയോയില്ലായെന്നതാണ് പത്മരാജന്‍ മാജിക്ക്