അഞ്ചുവർഷം നീണ്ട പ്രണയത്തിനൊടുവിൽ നടി ഭാവനയുടെ വിവാഹം നിശ്ചയിച്ചു. കന്നഡ ചലച്ചിത്ര നിർമാതാവ് നവീനാണ് വരൻ. ഈ വർഷാവസാനം തൃശൂരിലും ബംഗളൂരുവിലുമായി വിവാഹവും വിരുന്നും നടക്കും.
രണ്ടുപേരുടെയും വീട്ടുകാർ അംഗീകരിക്കുകയും ഒരുവർഷം മുൻപ് തന്നെ വിവാഹം നടത്താൻ ആലോചിക്കുകയും ചെയ്തെങ്കിലും ഭാവനയുടെ അച്ഛൻ ബാലചന്ദ്രൻ, നവീന്റെ അമ്മ ജലജ എന്നിവരുടെ മരണം കാരണമാണ് നീണ്ടുപോയത്.
അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങാണ് വിവാഹനിശ്ചയവുമായി ബന്ധപ്പെട്ടു നടന്നത്. നടിയും ഭാവനയുടെ അടുത്ത സുഹൃത്തുമായ മഞ്ജുവാര്യരും സംയുക്താ വർമയും മാത്രമാണ് സിനിമാ മേഖലയില്‍ നിന്നു പങ്കെടുത്തത്. വരന്റെ വീട്ടുകാർ വധുവിനെ കാണാനെത്തുന്ന ചടങ്ങ് പെട്ടന്നു വിവാഹനിശ്ചയ ചടങ്ങാക്കി മാറ്റുകയായിരുന്നു.
അഞ്ചു വര്‍ഷം മുമ്പാണ് നവീനിനെ പരിചയപ്പെടുന്നത്. ഭാവന നായികയായ കന്നഡ ചിത്രമായ റോമിയോ നിര്‍മിച്ചത് നവീനാണ്. ഈ പരിചയം പിന്നീട് പ്രേമമായി മാറുകയായിരുന്നു.
മലയാളത്തില്‍ ചെറിയ ഇടവേള വന്നെങ്കിലും ഭാവനയുടെ രണ്ടു ചിത്രങ്ങളാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്നത്. രണ്ടു ചിത്രത്തിലും ആസിഫ് അലിയാണ് ഭാവനയുടെ നായകന്‍. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഹണിബീ 2 എന്നിവയാണ് പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.