നടൻ കലാഭവൻ മണി മരിച്ചിട്ട് ഒരുവർഷം. ചാലക്കുടികാരും കൂട്ടുകാരും പ്രിയപ്പെട്ട മണിചേട്ടന്റെ വിയോഗത്തിന്റെ വേദനയിൽ നിന്നും കരകയറിത്തുടങ്ങുന്നതേയുള്ളൂ. കലാഭവൻ മണിയുടെ വിയോഗത്തിന് മുമ്പ് വിശ്രമകേന്ദ്രമായ പാടിയിൽ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിലൊരാളായിരുന്നു ജാഫർ ഇടുക്കി. മണിയുടെ മരണത്തിന് ശേഷമുള്ള ഈ ഒരു വർഷത്തെ ജീവിതത്തെക്കുറിച്ച് ജാഫർ ഇടുക്കി സംസാരിക്കുന്നു.
എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ മണിയുടെ മരണത്തിൽ ഒരുവർഷം മുമ്പ് എത്രമാത്രം വിഷമമുണ്ടായിരുന്നോ അത്രതന്നെ വിഷമം ഇന്നുമുണ്ട്. മണിയുടെ മരണം ഇപ്പോഴും ദുരൂഹമായി തുടരുന്നതും ഖേദകരമാണ്. മണിയുടെ അനിയൻ രാമകൃഷ്ണൻ അന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ നിരാഹാരസമരം ചെയ്യുന്നതിന് ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു. എനിക്കും അതിൽ പങ്കെടുക്കണമെന്നുണ്ട്. പക്ഷെ ഇന്നും മണിയുടെ കുടുംബം ഞങ്ങൾ ഏതാനും സുഹൃത്തുകളെ പ്രതിസ്ഥാനത്താണ് നിർത്തിയിരിക്കുന്നത്. അവിടെ ചെന്നാൽ അവരുടെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയില്ല. അതുകൊണ്ടാണ് രാമകൃഷ്ണനൊപ്പം നിൽക്കാത്തത്. മരണത്തിനുപിന്നിലെ ദുരൂഹത തെളിയണമെന്നു തന്നെയാണ് ഞങ്ങളുടെയൊക്കെ ആഗ്രഹം. കാരണം മണിയുടെ മരണത്തിന്റെ പേരിൽ ഒരുപാട് കുത്തുവാക്കുകൾ കേട്ടയാളാണ് ഞാൻ. മരണത്തെക്കാൾ വേദനിപ്പിച്ചത് എന്റെ പ്രിയപ്പെട്ട മണിചേട്ടനെ ഞാൻ കൊന്നു എന്ന വാക്കുകളാണ്. ആ വേദനയക്കു കൂടി ഒരു അവസാനംവരേണ്ടത് ആവശ്യമാണ്– ജാഫർ ഇടുക്കി പ്രതികരിച്ചു.