കൊങ്കണ സെന്‍ശര്‍മ്മ നായികയാകുന്ന 'ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ' എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സിനിമയുടെ സംവിധായകയും നിർമാതാവിനുംപുറമേ ബോളിവുഡ് രംഗത്തെ പ്രമുഖരും വിമർശനവുമായി രംഗത്തെത്തി.
മോശം ഡയലോഗുകളും ലൈംഗീകചുവയുള്ള സംഭാഷണങ്ങളും, ഒപ്പം ഒരു പ്രത്യേക സമുദായത്തെ ആക്ഷേപിക്കുന്ന ഉള്ളടക്കവുമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സെൻസർബോർഡ് 'ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ' എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചത്. നടപടി സ്ത്രീകളുടെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന ആരോപണവുമായി സിനിമയുടെ സംവിധായിക അലന്കൃത ശ്രീവാസ്തവയാണ് ആദ്യംരംഗത്തെത്തിയത്.
പുരുഷമേധാവിത്വം പറയുന്ന സിനിമയ്ക്കാണ് എന്നും അംഗീകാരംലഭിക്കുന്നത്. സ്ത്രീകളുടെ ആവിഷ്കാരസ്വാതന്ത്ര്യത്തെയാണ് സെൻസർബോർഡ് നിഷേധിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു. അതേസമയം, പ്രദർശനാനുമതിക്കായി ഏതറ്റംവരെയും പോകുമെന്ന് ചിത്രത്തിന്റെ നിർമാതാവ് പ്രകാശ് ജാ അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് ഇത്തരം തീരുമാനം ബോർഡ് കൈക്കൊണ്ടതെന്നു മനസിലാകുന്നില്ലെന്നു മുതിർന്ന തിരക്കഥാകൃത്തും സംവിധായകനുമായ ശ്യാം ബെനഗൽ പ്രതികരിച്ചു. ബോളിവുഡിലെ പ്രമുഖനടീനടൻമാരും അലൻകൃത ശ്രീവാസ്തവയ്ക്ക് പിന്തുണയുമായി രംഗത്തുവരുന്നുണ്ട്.
ടോക്യോ രാജ്യാന്തര ചലചിത്രമേളയിൽ സ്പിരിറ്റ് ഓഫ് ഏഷ്യ പുരസ്കാരവും, മുംബൈ രാജ്യാന്തരചലചിത്രമേളയിൽ പ്രത്യേകപുരസ്കാരവും നോടിയ സിനിമയാണ് 'ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ'.