സാമ്പത്തിക മാന്ദ്യത്തിന്‍റെ പേരില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയും തമ്മിലുള്ള വാക് പോര് തുടരുന്നു. ജനങ്ങളുടെ വോട്ട് നേടി തിരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ കഴിയാത്തവര്‍ക്ക് അവരുടെ പ്രയാസങ്ങള്‍ മനസിലാക്കാന്‍ കഴിയില്ലെന്ന് ജയ്റ്റ്ലിയെ പരിഹസിച്ച് യശ്വന്ത് സിന്‍ഹ പറഞ്ഞു. എണ്‍പതാം വയസിലെ തൊഴിലന്വേഷകന്‍ എന്നു വിളിച്ചാണ് ജയ്റ്റ്ലി സിന്‍ഹയെ കളിയാക്കിയിരുന്നത്.
സാമ്പത്തിക മാന്ദ്യത്തിന്‍റെ പേരില്‍ നരേന്ദ്ര മോദി സര്‍ക്കാരിനും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കുമെതിരായ രൂക്ഷമായ വിമര്‍ശനം യശ്വന്ത് സിന്‍ഹ തുടരുകയാണ്. താന്‍ ധനമന്ത്രിയായിരിക്കെ സമ്പദ് വ്യവസ്ഥ ഭദ്രമായിരുന്നുവെന്നും വിലക്കയത്തെക്കുറിച്ച് പാര്‍ലമെന്‍റില്‍ ഒരിക്കല്‍ പോലും ചര്‍ച്ച നടന്നിട്ടില്ലെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. കള്ളപ്പണത്തിനെതിരെ നടപടിയെടുത്തുവെന്നാണ് ജയ്റ്റ്ലിയുടെ അവകാശവാദം. വിദേശ നിക്ഷേപ വിവരങ്ങള്‍ വെളിപ്പെടുത്തിയ പാനമ രേഖകളില്‍ എന്ത് അന്വേഷണമാണ് നടന്നതെന്ന് യശ്വന്ത് സിന്‍ഹ ചോദിച്ചു. പാക്കിസ്ഥാനില്‍ നവാഷ് ഷെരീഫിന് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായത് പാനമ രേഖകളില്‍ പേരുവന്നപ്പോഴാണ്. െഎ.എ.എസ് രാജിവെച്ചാണ് താന്‍ രാഷ്ട്രീയത്തിലിറങ്ങിയത്. കഴിവുകെട്ടവനായിരുന്നെങ്കില്‍ താന്‍ വിദേശകാര്യമന്ത്രിയായതെങ്ങിനെയെന്നും സിന്‍ഹ ചോദിച്ചു.
ശത്രുഘ്നന്‍ സിന്‍ഹ, സുബ്രഹ്മണ്യന്‍ സ്വാമി എന്നിവര്‍ സിന്‍ഹയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്‍ഡിഎ ഘടകക്ഷിയായ ശിവസേനയും പിന്തുണയുമായെത്തിയിട്ടുണ്ട്.