നോട്ട് നിരോധനത്തിനും, ജിഎസ്ടിക്കും ശേഷംനടക്കുന്ന വിധിയെഴുത്താണ് ഗുജറാത്തില്‍ ഇത്തവണത്തേത്. വിവിധ സമുദായങ്ങൾ ഉയർത്തുന്ന വെല്ലുവിളിക്കൊപ്പം, വ്യാപാരികളും, കർഷകസമൂഹവും ഇടഞ്ഞുനിൽക്കുന്നത് ബിജെപിയെ തളർത്തും. ഇതിനിടെ ജിഎസ്ടി വിരുദ്ധപ്രക്ഷോഭം നയിച്ച സൂറത്തിലെ ബിജെപിനേതാവ് പാർട്ടിയിൽനിന്ന് രാജിവച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപ് മോദി ഗുജറാത്തിലെത്തി വമ്പൻപ്രഖ്യാപനങ്ങളൊക്കെ നടത്തിയെങ്കിലും, കഴിഞ്ഞ ഒരുവർഷത്തിനിടെ വ്യാപാരികൾക്കും, കർഷകർക്കും ഇടയിൽ ബിജെപിയോട് രൂപപ്പെട്ട അകൽച്ച അങ്ങനെതന്നെ തുടരുകയാണ്. തുണി, വസ്ത്രനിർമാണ മേഖലയിലും, നിർമാണമേഖലയിലും, ചെറുകിട കാർഷികമേഖലയിലും ബിജെപിയുടെ സാമ്പത്തികപരിഷ്കാരങ്ങൾ തിരിച്ചടിയായിട്ടുണ്ട്.
എന്നും ബിജെപിക്കൊപ്പംനിലനിന്നിട്ടുള്ള ഇവർ ഈ തിരഞ്ഞെടുപ്പിൽ എന്ത്ചിന്തിക്കുമെന്നത് ബിജെപിയെ അലട്ടുന്നു. മൂന്നുലക്ഷംവരെ പലിശരഹിതവായ്പ, ഒരുലക്ഷംതൊഴിലവസരവുമായി തുണി-വസ്ത്രനിർമാണനയം തുടങ്ങിയ സർക്കാർ പ്രഖ്യാപനങ്ങൾ ഇത്തരക്കാരെ തണുപ്പിക്കാനുദ്ദേശിച്ചായിരുന്നു.
ഇതിനിടെയാണ്, വ്യാപാരികളെ കൂടെക്കൂട്ടി സൂറത്തിൽ ജിഎസ്ടി വിരുദ്ധപ്രക്ഷോഭം നയിച്ച ബിജെപി നേതാവ് രാജിവച്ചിരിക്കുന്നത്. ബിജെപിയുടെ സൂറത്ത് സിറ്റി എക്സിക്യൂട്ടിവ് കമ്മിറ്റിമെമ്പറും, വ്യാപാരിയുമായ താരാചന്ത് കസത്താണ് പാർട്ടിവിട്ടത്.
സൂറത്തിൽ കാര്യമായ സ്വാധീനമുള്ള താരാചന്ത് കോൺഗ്രസിൽ ചേർന്നേക്കും. അതേസമയം, സ്ഥാനാർഥിനിർണയ ചർച്ചകൾ സജീവമാണെങ്കിലും കോൺഗ്രസിൻറെ അന്തിമപട്ടിക വൈകിയേക്കുമെന്നാണ് വിവരം. വിശാലഐക്യം ലക്ഷ്യമിടുമ്പോഴും, മറ്റ് കക്ഷികളെല്ലാം മുന്നോട്ടുവയ്ക്കുന്ന ഉപാധികളിൽ തീരുമാനമാകാൻ സമയമെടുക്കും. എന്നാൽ, ബിജെപിക്കായി ദേശിയ അധ്യക്ഷൻ അമിത്ഷാ സംസ്ഥാനത്ത് ക്യാംപ്ചെയ്താണ് പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്