അമൂൽ ബേബിയെന്ന് രാഹൂലിനെ കളിയാക്കിയവരെല്ലാം സ്വരം മാറ്റി തുടങ്ങിയിരിക്കുന്നു. സ്വരം മാറ്റിയവരിൽ ശിവസേനാനേതാവ് സഞ്ജയ് റാവത്ത് വരെയുണ്ട്. രാജ്യത്തെ നയിക്കാൻ കോൺഗ്രസ്സ് ഉപാധ്യക്ഷൻ പ്രാപ്തനാണ്. അദ്ദേഹത്തെ പപ്പു എന്ന് വിളിച്ചുകളിയാക്കരുത്. രാജ്യം എന്നാൽ, നേതാക്കളല്ല, ജനങ്ങളാണ്. ജനം വിചാരിച്ചാൽ ആരെയും പപ്പുവാക്കാം. അത് ആരും മറക്കരുത്. കേന്ദ്രത്തിന് മുന്നറിയിപ്പെന്നോണമായിരുന്നു റാവത്തിന്റെ വാക്കുകൾ.
രാഹുൽ പാടെ മാറിയിരിക്കുന്നു വാക്കുകളിലും പ്രവർത്തനങ്ങളിലും നടത്തത്തിൽ വരെ അടിമുടി മാറ്റമുണ്ട്. എന്നാൽ ന്യൂഡൽഹിയിൽ ഒരു ബിസിനസ് പുരസ്കാര ചടങ്ങിൽ വെച്ച് രാഹുൽ നടത്തിയ വെളിപ്പെടുത്തലാണ് നവമാധ്യമങ്ങളിൽ ചർച്ചയായത്. ജാപ്പനീസ് ആയോധന കലയായ 'ഐകിഡോയിൽ ബ്ലാക് ആന്റ് ബെൽറ്റാണെന്ന വെളിപ്പെടുത്തലാണ് ഞെട്ടലുണ്ടാക്കിയത്.
പിഎച്ചഡി ചേമ്പറിന്റെ വാര്‍ഷിക അവാര്‍ഡ്ദാന പരിപാടിയില്‍ പങ്കെടുത്ത ശേഷം ബോക്‌സറും ഒളിമ്പിക് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിങിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴായിരുന്നു രാഹുലിന്റെ പരാമർശം. എല്ലാ ദിവസവും സൈക്ലിംങ്, നീന്തൽ തുടങ്ങിയവയ്ക്കായി മണിക്കൂറുകൾ നീക്കി വയ്ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് , നാലു മാസമായി കൂടുതൽ സമയം ചെലവഴിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു മണിക്കൂർ എങ്കിലും ചെലവിടാറുണ്ടെന്നും രാഹുൽ പറഞ്ഞു.
ഇത്തരമൊരു വീഡിയോ എടുത്ത് പോസ്റ്റ് ചെയ്താല്‍ അത് ആളുകള്‍ക്ക് പ്രചോദനമാവില്ലെയെന്ന ചോദ്യത്തിന് പിന്നീടൊരിക്കല്‍ ചെയ്യാമെന്നും രാഹുല്‍ വിജേന്ദറിന് മറുപടി നല്‍കി. വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ വിധിയില്‍ വിശ്വസിക്കുന്നുവെന്നും നടക്കേണ്ട സമയത്ത് അത് സംഭവിക്കുമെന്നും രാഹുൽ പറഞ്ഞു.