മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചത് സന്തോഷവും സമാധനവും നൽകുന്നുവെന്ന് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി. തലശ്ശേരി ടൗൺ ഹാളിലാണ് മഅദനിയുടെ മൂത്തമകൻ ഹാഫിസ് ഉമർ മുക്താറും മാഹി അഴിയൂർ സ്വദേശിനി നിഹമത്ത് ജബിനും തമ്മിലുള്ള വിവാഹം നടന്നത്.
തിങ്ങിനിറഞ്ഞ ജനങ്ങളെ സാക്ഷി നിറുത്തിയായിരുന്നു വിവാഹ ചടങ്ങ്. മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ജിഎസ്ടി കൊടുക്കേണ്ടിവന്ന ആദ്യത്തെ പിതാവാണ് തന്നെന്ന് മഅദനി പറഞ്ഞു. ചടങ്ങിലെത്താൻ സാധിച്ചത് സന്തോഷവും സമാധനവും നൽകുന്നു.
കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ചടങ്ങുകൾ നടന്നത്. മുൻ മന്ത്രിമാരായ ഇ പി ജയരാജൻ, നീല ലോഹിതദാസൻ നാടാർ, പി ടി എ റഹീം എംഎൽഎ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ തുടങ്ങിയവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. വധുവിന്റെ വീട്ടിൽ നടക്കുന്ന ചടങ്ങിനുശേഷം രാത്രിയിൽ മഅദനി റോഡ്മാർഗം കോഴിക്കോടേക്ക് പോകും. രാവിലെ 7.20ന് തലശ്ശേരിയിൽ ട്രെയിനിറങ്ങിയ മഅദനിക്ക് പാർട്ടിപ്രവർത്തകർ സ്വീകരണവും നൽകിയിരുന്നു.