ചില അവസങ്ങളിൽ ദൈവദൂതൻമാരെ പോലെ ചിലർ നമുടെ ജീവിതത്തിലേയ്ക്ക് കടന്നുവരാറുണ്ട്. എവിടെ നിന്നോ വന്ന് എങ്ങോട്ടോ പൊകുന്ന അവർ നമുടെ മനസിലെ ആഴത്തിൽ സ്പർശിച്ചതിന് ശേഷമാണ് കടന്ന് പോകാറ്. അത്തരത്തിൽ കഴിഞ്ഞ ദിവസം അർധരാത്രിയിൽ ദൈവദൂതനെപ്പോലെയെത്തിയ തൃശൂർ തൃപ്പയാറിലെ ഓട്ടോ ഡ്രൈവർ അബ്ദുൾ വസീദിനായൊരു സ്നേഹക്കുറിപ്പ്.....
കോട്ടയത്തിന് നിന്ന് ഗുരുവായൂരിലേക്കു പോകും വഴി തൃപ്പയാറിനു 5 കി.മീ അകലെ വലിയൊരു കുഴിയിലേക്ക് ചാടി കാറിന്റെ മുൻ ടയർ പഞ്ചറായി. ഞാനും സുഹൃത്തുക്കളായ അജി ചേട്ടനും, നമ്പൂതിരി ചേട്ടനും ചേർന്നു മുൻ ടയർ മാറ്റിയിടാൻ മഴക്കിടെ ശ്രമം തുടങ്ങി. ഊരിമാറ്റിയ ടയറിന്റെ സ്ഥാനത്ത് സ്റ്റെപ്പിനി ടയർ കയറ്റിയിട്ടപ്പോൾ അറിയുന്നു മാസങ്ങളായി നോക്കാതിരുന്ന സ്റ്റെപ്പിനി ടയറിനും കാറ്റില്ല. പരീക്ഷണത്തിന്റെ സമയം. കടത്തിണ്ണയിൽ ഇരിക്കുന്ന ഞങ്ങളുടെ അടുത്ത് ഹൈവേ പൊലിസ് സംഘം നിർത്തി. വിവരമറിഞ്ഞപ്പോൾ മൂന്നു കി.മീ പുറകിലേക്കു പോയാൽ പമ്പ് ഉണ്ടെന്നും കാറ്റടിക്കാമെന്നും പൊലീസ്. കാറ്റു കുറഞ്ഞു വരുന്ന ടയറുമായി കാറോടിച്ചു പമ്പിലേക്ക്.