കാസർകോട് തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിലെ കേടുവന്ന ഉപകരണങ്ങളുടെ അറ്റകുറ്റപണികൾ ഒരു കൂട്ടം വിദ്യാർഥികൾ പൂർത്തിയാക്കി. നാഷണൽ സർവീസ് സ്കീമിന്റെ പുനർജനി പദ്ധിതിയുടെ ഭാഗമായി പയ്യന്നൂർ വനിതാ പോളിടെക്‌നിക് കോളേജിലെ വിദ്യാർഥിനികളാണ് ആശുപത്രി ഉപകരണങ്ങളുടെ അറ്റകുറ്റപണികൾ നടത്തിയത്.
തുരുമ്പെടുത്ത് ആശുപത്രിയുടെ മൂലയ്ക്ക് ഉപേക്ഷിച്ചിരുന്ന കട്ടിലും, മേശയും, കസേരയുമെല്ലാം പെയ്ന്റ് അടിച്ച് സുന്ദരമാക്കി വീണ്ടും വാർഡുകളിലെത്തിച്ചു. ഒപ്പം പ്രവര്‍ത്തനരഹിതമായ ബി പി അപാരറ്റസ്, സെക്ഷന്‍ അപാരറ്റസ്, നെബുലൈസർ തുടങ്ങിയ ഉപകരണങ്ങളും തകരാർ പരിഹരിച്ച് വീണ്ടും ഉപയോഗയോഗ്യമാക്കി.
സർക്കാർ ആശുപത്രികളിൽ കൃത്യസമയത്ത് അറ്റകുറ്റപണികൾ നടത്താതെ പ്രവർത്തന രഹിതമായ ഉപകരണങ്ങളുടെ കേടുപാടുകൾ പരിഹരിച്ച് വീണ്ടും ഉപയോഗയോഗ്യമാക്കുക എന്നതാണ് പുനർജനി എന്ന പദ്ധതിയിലൂടെ നാഷണൽ സർവീസ് സ്കീം ലക്ഷ്യമിടുന്നത്. കോളേജിലെ നൂറോളം വിദ്യാർഥികളാണ് ക്യാംപിൽ പങ്കെടുക്കുന്നത്.