തലച്ചോറിൽ വെള്ളംനിറയുന്ന രോഗം ബാധിച്ച ഒൻപതുവയസുകാരി തുടർചികിത്സയ്ക്ക് സുമനസുകളെ കാത്തിരിക്കുന്നു. കണ്ണൂർ കൂടാളിയിലുള്ള ബൈജു-പ്രിജി ദമ്പതികളുടെ മകളായ നവനീതയാണ് ജീവൻ നിലനിർത്താൻ സഹായം തേടുന്നത്.
ദുഃഖം മറച്ചുവച്ചുള്ള നവനീതയുടെ ചിരിയാണ് ഈ കുടുംബത്തിന്റെ ഊർജം. ജപ്തി നോട്ടീസും രോഗവും ചിരിയെ തല്ലിക്കെടുത്താൻ കാത്തിരിപ്പുണ്ട്. നവനീത ജനിച്ച് എട്ടാംമാസം തുടങ്ങിയതാണ് ചികിൽസ. കേരളത്തിനകത്തും പുറത്തും ചികിൽസ തേടിനടന്ന് ബൈജുവിന്റെ കൈയിലുള്ള പണമെല്ലാം തീർന്നു. നവനീത ചുറ്റുപാടും നോക്കുന്നുണ്ടങ്കിലും അവൾക്ക് ഒന്നും കാണാൻ കഴിയില്ല.
രോഗം കാഴ്ചശക്തിയേയും ഇരുട്ടിലാക്കി. വളർച്ചയില്ലാത്തതിനാൽ ഇതുവരെ നടക്കാനും സാധിച്ചിട്ടില്ല. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്. നവനീതയുടെ മാതാവ് വാടക വീട്ടിലാണ് താമസം. ബൈജുവിന്റെ കൂലിപ്പണിയിൽനിന്നാണ് വരുമാനമാർഗം ലഭിക്കുന്നത്. സാമ്പത്തികമായി ആരെങ്കിലും സഹായിച്ചാൽ നവനീതയ്ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിച്ചേക്കും.