ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവര്‍ഷം പിന്നിട്ടിട്ടും നോക്കുകുത്തികളായി കാസര്‍കോട് ജില്ലയിലെ രണ്ടു റയില്‍വേ അടിപ്പാതകള്‍. ചന്തേര, ഇളമ്പച്ചി എന്നിവിടങ്ങളിലെ അടിപ്പാതകളാണ് വെള്ളക്കെട്ടിനെത്തുടര്‍ന്ന് ഉപയോഗശൂന്യമായത്. കോടികള്‍ മുടക്കി നിര്‍മ്മിച്ച പാതകള്‍ ആര്‍ക്കും ഒരു പ്രയോജനവുമില്ലാതെ നശിക്കുകയാണ്.
കാസര്‍കോട് നിന്ന് കണ്ണൂരിലേയ്ക്കുള്ള യാത്ര എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീലേശ്വരത്ത് ചന്തേരയിലും, തൃക്കരിപ്പൂര്‍ ഇളമ്പച്ചിയിലും റെയില്‍വെ അടിപ്പാതകള്‍ നിര്‍മ്മിച്ചത്. ചന്തേരയിലെ അടിപ്പാതയ്ക്ക് ഒന്നരക്കോടി രൂപയും, ഇളമ്പച്ചയിലേതിന് മൂന്നു കോടി രൂപയും ചെലവായി. കൃത്യമായ സാങ്കേതിക പഠനം നടത്താതെ നിർമിച്ച പാതയിൽ ഗതാഗതത്തിന് തടസമായത് വെള്ളക്കെട്ടാണ്. ഈ വെള്ളക്കെട്ടിന് വേനലെന്നോ വർഷമെന്നോ വ്യത്യാസമില്ല. ഇളമ്പച്ചിയിലെ അടിപ്പാത നോക്കിയാല്‍ കാണാന്‍ എങ്കിലും സാധിക്കും. എന്നാല്‍ ഇരുവശവും ചതുപ്പ് നിറഞ്ഞ ചന്തേരയില്‍ ഇവിടെ ഒരു പാതയുണ്ടെന്ന് ആരെങ്കിലും പറഞ്ഞു തന്നെ മനസിലാക്കണം. ആറു മീറ്റർ ഉയരത്തിലും മൂന്ന് മീറ്റർ വീതിയിലും നിര്‍മ്മിച്ച ഒരു പാതയുടെ അവസ്ഥയാണിത്. നിര്‍മാണ സമയത്ത് പ്രദേശത്തെ ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങള്‍ നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല.
വിമര്‍ശനം ഏറിയതോടെ ചന്തേരയിലെ പാതയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം തോടുണ്ടാക്കി ഒഴുക്കി വിടാനും, പാര്‍ശ്വഭിത്തികള്‍ പ്ലാസ്റ്റര്‍ ചെയ്ത് പുറമെ നിന്ന് വെള്ളം കയറുന്നത് തടയാനും ആലോചനയുണ്ടായി. ഇളമ്പച്ചിയില്‍ പാതയിലെ വെള്ളം പ്രത്യേക ടാങ്ക് സ്ഥാപിച്ച് മോട്ടോര്‍ ഉപയോഗിച്ച് ടാങ്കിലേക്ക് മാറ്റാനിയിരുന്നു തീരുമാനം. എന്നാല്‍ മോട്ടോര്‍ പ്രവര്‍ത്തന രഹിതമായതോടെ വെള്ളക്കെട്ട് തുടര്‍ക്കഥയായി. വര്‍ഷം മൂന്ന് പിന്നിട്ടെങ്കിലും പാതകളെ ഗതാഗതയോഗ്യമാക്കാനുള്ള നടപടികളൊന്നും ഇതുവരെ ഉണ്ടായില്ല.