കാസർകോട് - മംഗളൂരു ദേശീയപാതയിൽ യാത്രക്കാരെ കൊള്ളയടിക്കുന്ന മലയാളികളടക്കമുള്ള സംഘം പിടിയിൽ. കാസർകോട് മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശികളായ കെ. ഖലീൽ (കല്ലു-30), ജാബിർ അബ്ബാസ് (ജാബിർ-24), മഞ്ചേശ്വരം ഹൊസങ്കടിയിലെ മുഹമ്മദ് അസിം (അസിം-23), തലപ്പാടി തുമിനാടിലെ കെ.രാജേഷ് (30), ദക്ഷിണ കന്നഡ പുത്തൂരിലെ രവികുമാർ (24) എന്നിവരെയാണ് മംഗളൂരു സിറ്റി പൊലീസ് ഗുണ്ടാ വിരുദ്ധ സംഘം അറസ്റ്റു ചെയ്തത്. കാസർകോടു നിന്നു മംഗളൂരു വിമാനത്താവളത്തിലേക്കു വരികയായിരുന്ന ഗൾഫ് യാത്രക്കാരനെ കൊള്ളയടിക്കാൻ പദ്ധതിയിട്ടു കാത്തു നിൽക്കുമ്പോളാണു സംഘം പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗുണ്ടാ വിരുദ്ധ സംഘം കെണിയൊരുക്കുകയായിരുന്നു. ഇരുമ്പു ദണ്ഡുകൾ, മുളകുപൊടി, കത്തികൾ, കാർ എന്നിവയും പിടിച്ചെടുത്തു. ദേശീയപാതയിൽ യാത്രക്കാരെ ആളൊഴിഞ്ഞ സ്ഥലത്തു തടഞ്ഞു നിർത്തി കൊള്ളയടിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നു പൊലീസ് പറഞ്ഞു.
ഒക്ടോബർ 19ന് മഞ്ചേശ്വരത്ത് പ്രജ്വാൾ എന്ന യുവാവിനെ അക്രമിച്ച കേസിൽ പ്രതികളാണ് അറസ്റ്റിലായ രാജേഷ്, ജാബിർ, ഖലീൽ എന്നിവർ. ഖലീൽ, രാജേഷ് എന്നിവർ മൂന്നു വീതവും ജാബിർ രണ്ടും കേസുകളിൽ പ്രതികളാണ്. രവി കുമാർ മോഷണവും അക്രമവും അടക്കം നിരവധി ക്രിമിനല്‍ കേസുകളിലും മഞ്ചേശ്വരത്തടക്കം നാലു കഞ്ചാവു കേസുകളിലും പ്രതിയാണെന്നു പൊലീസ് അറിയിച്ചു. ഗുണ്ടാ വിരുദ്ധ സംഘം അറസ്റ്റു ചെയ്ത പ്രതികളെ ഉള്ളാൾ പൊലീസിനു കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്കു റിമാൻഡ് ചെയ്തു.