കാസർകോട് രാവണീശ്വരത്ത് നാടിന് ആഘോഷമായി കൊയ്ത്തുൽസവം. നടുവയൽ പാടത്ത് തരിശ് കിടന്നിരുന്ന നാലേക്കർ സ്ഥലത്താണ് യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ നെൽകൃഷി ഇറക്കിയത്.
കന്നിക്കൊയ്ത്തിന്റെയും, മകരക്കൊയ്ത്തിന്റെയും ആരവമൊഴിഞ്ഞ് വർഷങ്ങളായി തരിശുകിടന്ന വയലിലാണ് രാവണിശ്വരം സെൻട്രൽ യൂത്ത് ക്ലബ്ബ് പ്രവർത്തകർ മൂന്ന് മാസം മുമ്പ് വിത്തിറക്കിയത്. ജനകീയ പങ്കാളിത്തതോടെ നടത്തിയ കൃഷിയിൽ വിളവ് നൂറുമേനി. ജില്ലാ കല്ടർ കെ.ജീവൻ ബാബു ഉൾപ്പെടെയുള്ളവരെത്തിച്ച് വിളവെടുപ്പ് നാടിന്റെ ആഘോഷമാക്കി.
കുട്ടികളും മുതിർന്നവരുമുൾപ്പെടെ ഗ്രാമമൊന്നായി കൊയ്ത്തുൽസവത്തിൽ പങ്കാളികളായി. നാടിന്റെ കാർഷിക പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ജനകീയ പങ്കാളിത്തത്തോടെ തുടരാനാണ് സെൻട്രൽ യൂത്ത് ക്ലബ്ബ് അംഗങ്ങളുടെ തീരുമാനം.