നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുസ്‌ലിംകളെ രാജ്യത്തുനിന്നു തുടച്ചുനീക്കുമെന്നു ഭീഷണിപ്പെടുത്തി കലിഫോർണിയയിലെ മുസ്‌ലിം പള്ളികൾക്കു കത്ത്. ജർമൻ ഭരണാധികാരിയായിരുന്ന അഡോൾഫ് ഹിറ്റ്‌ലർ ജൂതന്മാരോട് ചെയ്തതെന്താണോ അത് നിങ്ങളോടു ട്രംപ് ചെയ്യുമെന്നു കത്തിൽ പറയുന്നു. മുസ്‍ലിംകൾ സാത്താന്റെ സന്തതികളാണ്. അമേരിക്കയിലെ പുതിയ ഷെരീഫാണ് ട്രംപ്. അദ്ദേഹം മുസ്‌ലിംകളെ പുറത്താക്കി അമേരിക്കയെ വീണ്ടും പ്രകാശപൂരിതമാക്കുമെന്നും കത്തിലുണ്ട്. കൗൺസിൽ ഓഫ് ഇസ്‌ലാമിക് – അമേരിക്കൻ റിലേഷൻസ് (സിഎഐആർ) ആണ് കത്തു ലഭിച്ച വിവരം പുറത്തുവിട്ടത്.
മുസ്‌ലിംകളുടെ കണക്കെടുപ്പിന്റെ ദിനങ്ങൾ എത്തിച്ചേർന്നിരിക്കുന്നു. ബാഗുകൾ പാക്ക് ചെയ്ത് എത്രയും പെട്ടെന്നു രക്ഷപ്പെടുന്നതാണ് നല്ലത്. അമേരിക്കക്കാർ നല്ല പാതയിലാണ്. ഇനിയും മുന്നോട്ടു പോകാൻ കഴിയട്ടെ പ്രസിഡന്റ് ട്രംപ്, യുഎസ്എയെ ദൈവം സഹായിക്കട്ടെ- ഇങ്ങനെ പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
കലിഫോർണിയയിലെ സാൻജോസ്, ലോങ് ബീച്ച്, പോമോന തുടങ്ങിയിടങ്ങളിലെ മുസ്‌ലിം പള്ളികൾക്കാണ് കൈപ്പടയിലുള്ള കത്തിന്റെ ചിത്രമടങ്ങുന്ന ഇമെയിൽ സന്ദേശം ലഭിച്ചത്. സാൻജോസിലെ പള്ളിക്കാണ് ആദ്യം സന്ദേശം ലഭിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് സിഎഐആർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹുസ്സാം അയ്‌ലോഷ് പറഞ്ഞു.