ബർലിൻ ∙കത്തോലിക്ക സഭയിലെ വൈദികർ ബ്രഹ്മചര്യം കാത്ത് സഭയുടെ അന്തസ്സ് ഉയർത്തേണ്ടവരാണെന്ന് ഫ്രാൻസ് മാർപാപ്പ. ജർമനിയിലെ പ്രതിവാര പത്രമായ ദി സൈറ്റിന് പ്രത്യേകം അനുവദിച്ച മുഖാമുഖത്തിലാണ് ഫ്രാൻസ് മാർപാപ്പ തന്റെ മനസ്സ് തുറന്നത്.
ജർമനിയിൽ പുരോഹിതന്മാരുടെ അഭാവം മൂലം നൂറുകണക്കിന് പള്ളികൾ അടച്ച് പൂട്ടിവരുകയാണ്. ഇതിന് പരിഹാരമായി വൈദികർക്ക് വിവാഹവും കുടുംബ ജീവിതവും അനുവദിച്ചുകൂടെ എന്ന പത്രത്തിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മാർപാപ്പ തന്റെ നയം വ്യക്തമാക്കിയത്.
സഭയ്ക്ക് ഇന്നാവശ്യം സന്നദ്ധ ബ്രഹ്ചാരികളായ വൈദികരെയാണ്. കർത്താവ് പറഞ്ഞിട്ടുണ്ട് പ്രാർഥിക്കുക, പ്രാർഥനവഴി മാർഗദർശനം ലഭിക്കുന്ന യുവാക്കളെ സഭയ്ക്ക് വൈദികരായി ലഭിക്കുമെന്ന് മാർപാപ്പ തുടർന്ന് പറഞ്ഞു.
2017 ലൊ , 2018 ലൊ ജർമനി സന്ദർശിക്കുവാൻ ഉദ്ദേശമില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു. അടുത്ത വർഷത്തെ യാത്രപരിപാടികൾ വരെ ഇതിനകം നിശ്ചയിച്ചു കഴിഞ്ഞതായി മാർപാപ്പ ജർമൻ പത്രത്തോടെ പറഞ്ഞു.
മുൻഗാമിയും ജർമൻകാരനുമായ എമരീറ്റസ് ബനഡിക്ട് പതിനാറമൻ (89) മാർപാപ്പയെക്കുറിച്ച് പത്രം ആരാഞ്ഞപ്പോൾ അദ്ദേഹം വലിയ ഒരു ദൈവ ശാസ്ത്രജ്ഞനാണ്. അദ്ദേഹത്തിന്റെ നിഴലിൽ പോലും നിൽക്കാൻ താൻ യോഗ്യനല്ല എന്ന് ഫ്രാൻസിസ് മാർപാപ്പ പ്രതികരിച്ചു.