മസ്കത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മത്ര മാർക്കറ്റ്. പരമ്പരാഗത ശൈലിയിൽ ഒരുക്കിയിരിക്കുന്ന മത്ര മാർക്കറ്റ് സന്ദർശിക്കാതെ മസ്കത്തിലെ കാഴ്ചകൾ ഒരിക്കലും പൂർണമാകില്ല. ഒമാന്റെ കച്ചവട പാരമ്പര്യത്തെ കുറിച്ച് പറഞ്ഞ് തുടങ്ങേണ്ടത് മത്രയിൽ നിന്നാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള മത്ര സൂഖ് ഒമാന്റെ സാംസ്കാരിക ചരിത്രങ്ങളുടെ സാക്ഷിയാണ്.
ഒമാനിലെത്തുന്ന ഏതൊരാളും പോകേണ്ട ഇടമാണ് മത്ര. കടലും പാർക്കും എല്ലാമുണ്ടെങ്കിലും തലയെടുപ്പ് മത്ര സൂഖിന് തന്നെയാണെന്ന കാര്യത്തിൽ തർക്കമില്ല. മസ്കത്തിൻറെ വിനോദ സഞ്ചാരഭൂപടത്തിൽ വലിയ ഒരു ഇടമുണ്ട് മത്ര സൂഖിന്. തുറമുഖത്തോട് ചേർന്നു കിടക്കുന്ന ചന്ത എന്നതായിരുന്നു പിൽക്കാലത്ത് മത്രയ്ക്ക് പ്രാധാന്യം നൽകിയത്. പണ്ട് പായ്കപ്പലിൽ മലബാറിൽ നിന്നെത്തിയവരുടെ പിൻമുറക്കാർ ഇന്നും ഇവിടെ കച്ചവടം ചെയ്യുന്നു. ഇവിടെയുള്ള കച്ചവടക്കാരിൽ ഭൂരിഭാഗവും മലയാളികളാണ്.
പഴയകാല ആഭരണങ്ങളും മുത്തുകളും ഇവിടെ കിട്ടും. ലോകത്തെ ഏറ്റവും മികച്ച ദോഫാർ കുന്തിരക്കങ്ങൾക്ക് മത്രയിലെത്തിയാൽ മതി. പരമ്പരാഗത ഒമാനി വസ്ത്രങ്ങളുടെ പ്രധാന വിപണിയും ഇതു തന്നെയാണ്.എണ്ണ കണ്ടെത്തുന്നതിനു മുൻപ് ഒമാനിലെ വാണിജ്യ ഇടപാടുകളുടെ തലസ്ഥാനമായിരുന്നു മത്ര. പൗരാണികത നിറഞ്ഞു നിൽക്കുന്ന മത്രയെ ഒമാൻ ടൂറിസം, സാംസ്കാരിക മന്ത്രാലയങ്ങൾ നേരിട്ടാണ് സംരക്ഷിക്കുന്നത്.
ലക്ഷക്കണക്കിന് സഞ്ചാരികളാണ് എല്ലാക്കൊല്ലവും ഇവിടേക്ക് എത്തുന്നത്. ഇന്ത്യക്കാരും ധാരാളമായി വരുന്നു. . മുമ്പ് ചരക്ക് ഗതാഗത്തിന് മാത്രമായി ഉപയോഗിച്ചിരുന്ന തുറമുഖം ഇപ്പോൾ വിനോദ സഞ്ചാരമേഖലക്ക് മാത്രമായി തുറന്ന് കൊടുതിരിക്കുകയാണ്, പാശ്ചാത്യ രാജ്യങ്ങളിൽനിന്നുള്ള ക്രൂയിസ്ഷിപ്പുകൾ വന്നടുക്കാൻ അവസരം കിട്ടിയതോടെ സൂഖിലെ സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിട്ടുണ്ട്. ഒമാന്റെ പ്രൗഢപാരമ്പര്യത്തിന്റെ കാഴ്ചകൾ നിറച്ച് സഞ്ചാരികളെ വരവേൽക്കുകയാണ് മത്ര.