കാട് കയറാൻ ഇഷ്ടപ്പെടുന്ന, കാടിനെയും കാട്ടുമൃഗങ്ങളെയും തൻറെ ക്യാമറയിലാക്കാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളിയാണ് ഷാഫി മുഹമ്മദ്. കെനിയയിലെ മസായി മാരയിൽ നിന്ന് അദ്ദേഹം പകർത്തിയ വന്യജീവിതത്തിൻറെ കാഴ്ചാവിശേഷങ്ങളാണ് ഇനി.
മസായി മാരയിലെ വേട്ടയുടെയും അതിജീവനത്തിൻറെ നിമിഷങ്ങളാണിത്. ഏതൊരു ഫോട്ടോഗ്രാഫറുടെയും സ്വപ്നമാണ് ഈ ചിത്രങ്ങൾ. മണിക്കൂറുകളുടെ കാത്തിരിപ്പിൻറെ കാഴ്ചകൾ.
മസായി മാരയിൽ നിന്ന് ഫോട്ടോഗ്രാഫറായ ഷാഫി റഷീദ് പകർത്തിയ പതിനയ്യായിരത്തോളം ചിത്രങ്ങളിൽ പതിനഞ്ചെണ്ണമാണ് ദുബായ് കാർട്ടൂൺ ഗാലറിയി പ്രദൃശനത്തിലുള്ളത്.
മസായി മാരയെ അടക്കി വാണ സിംഹക്കൂട്ടം നോർച്ച് ബ്രദേഴ്സിലെ സീസറും നോർച്ച് ടുവും ഒരുമിച്ചിരിക്കുന്ന ചിത്രത്തിനാണ് ഏറ്റവും ഗാംഭീര്യം. കാട്ടുപോത്തുകളെ വേട്ടയാടുന്ന പുലിക്കൂട്ടത്തിൻറെ ബ്ലാക് ആൻഡ് വൈറ്റ് ചിത്രം ഒരു പെയിൻറിങ് പോലെ മനോഹരമാണ്
സിംഹവും പുലിയും സീബ്രയും അടക്കം എട്ടു ജീവിവർഗങ്ങളുടെ ചിത്രങ്ങളാണ് ഷാഫിയുടെ പ്രദർശനത്തിലുള്ളത്. സീസറെന്ന ഈ സിംഹവും, ഈ സിംഹക്കുട്ടിയും ഇന്ന് ജീവനോടെയില്ലെന്ന തിരിച്ചറിവ് ആസ്വാദകൻറെ മനസിൽ ഒരു നൊന്പരം കോറിയിടുകയും ചെയ്യും. വളരെ അപൂർവമായി മാത്രം ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന സെർവൽ ക്യാറ്റിൻറെ ചിത്രമാണ് മറ്റൊരു ആകർഷണം.
ഓരോ തവണ കണ്ട് മടങ്ങുന്പോഴും വീണ്ടും വീണ്ടും തിരികെ ചെല്ലാൻ പ്രേരിപ്പിക്കുന്ന വലിയൊരു വിസ്മയമാണ് മസായി മാര. അതുകൊണ്ട് തന്നെ ഓരോ ഫോട്ടോഗ്രഫറും ഉള്ളുതുറന്ന് സ്നേഹിക്കുന്നു മസായി മാരയെ.