വിവിധ തൊഴിലുകളിൽ ലോകത്തെ ഏറ്റവും വിദഗ്ദരായവർ അബുദാബിയിലുണ്ട്. തങ്ങളുടെ തൊഴിൽ വൈദഗ്ദ്യം മൽസരിച്ച് തെളിയിക്കുകയാണിവർ. തൊഴിൽ വൈദഗ്ദ്യത്തിൻറെ മാറ്റുരയ്ക്കൽ വേദിയാണ് അബുദാബിയിൽ നടക്കുന്ന വേൾഡ് സ്കിൽ ചാംപ്യൻഷിപ്പ്
മികവിൻറെ പുലികളിയാണിത്. ഓരോ മേഖലയിലെയും പുപ്പുലികൾക്ക് മാത്രമേ ഇവിടെ ഇടമുള്ളൂ. വേൾഡ് സ്കിൽ ചാംപ്യൻഷിപ്പ്... അഥവാ തൊഴിൽ വൈദഗ്ദ്യത്തിൻറെ ഒളിംപിക്സ്.
വിവിധ തൊഴിൽ മേഖലകളിൽ ലോകത്തിലെ ഏറ്റവും മികവുള്ളവരെ കണ്ടെത്താനുള്ള മൽസരമാണിത്. 51 ഇനങ്ങളിലാണ് മൽസരം. അറുപത് രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തി മുന്നൂറോളം മൽസരാർഥികൾ ഇവിടെ മാറ്റുരയ്ക്കുന്നു. തൊഴിലിൻറെ താരമാകാൻ.
അബുദാബിയുടെ പെരുമയ്ക്കൊത്തു തന്നെയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. ഒളിംപിക്സ് വേദികളെ അനുസ്മരിപ്പിക്കുന്ന കാഴ്ചകളും വിസ്മയങ്ങളും നിറഞ്ഞതായിരുന്നു ഉദ്ഘാടന കാഴ്ചകൾ.
കെട്ടിട നിർമാണവുമായി ബന്ധപ്പെട്ടുള്ള തൊഴിൽ മേഖലകളിലാണ് ഏറ്റവും അധികം മൽസര ഇനങ്ങളുള്ളതും ഏറ്റവും വാശിയേറിയ മൽസരം നടക്കുന്നതും. ചുവർ നിർമാണം, പൂന്തോട്ടമൊരുക്കൽ, പെയിൻറിങ് തുടങ്ങിയ മൽസരങ്ങളെല്ലാം ഈ ഗണത്തിലുണ്ട്. വാഹനങ്ങളുമായി ബന്ധപ്പെട്ട മൽസരങ്ങൾക്കും ആസ്വാദകർ ഏറെയാണ്. വണ്ടികളുടെ അറ്റകുറ്റപ്പണികളും, പെയിൻറിങ്ങുമെല്ലാമാണ് ഇതിലെ മൽസര ഇനങ്ങൾ
നിശ്ചിത സമയത്തിനുള്ളിൽ ഏറ്റവും മനോഹരമായ രീതിയിൽ മൽസരങ്ങൾ പൂർത്തീകരിക്കുന്നവർക്കാണ് വിജയം. ഒളിംപിക്സിന് സമാനമായ രീതിയിൽ വിജയികൾക്ക് മെഡലുകളും സമ്മാനിക്കും. പാചക മൽസരം, മേക്കപ്പ്, കേശാലങ്കാരം തുടങ്ങിയ മൽസരങ്ങൾ ആവേശത്തിനൊപ്പം കൌതുകവും സമ്മാനിക്കുന്നു.
ഇന്ത്യയിൽ നിന്ന് രണ്ട് മലയാളികളടക്കം 28 അംഗ സംഘമാണ് മൽസരരംഗത്തുള്ളത്. കണ്ണൂരിൽ നിന്നുള്ള അനുരാധ് കംപ്യൂട്ടർ ന്യൂമെറിക്കൽ കൺട്രോൾ ടേണിങ്ങിലും, കോഴിക്കോട് സ്വദേശി ഷഹദ് കാർ പെയിൻറിങ്ങിലുമാണ് മൽസരിച്ചത്.
തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണൻറെ നേതൃത്വത്തിൽ ഉന്നതതല സംഘവും ഇന്ത്യൻ ടീമിന് പ്രോൽസാഹനവുമായി അബുദാബിയിലെത്തി. തൊഴിൽ മേഖലകളിലെ പുതിയ മാറ്റങ്ങളും സാങ്കേതിക വിദ്യകളും മനസിലാക്കുന്നതിനുള്ള വേദികൂടിയാണ് വേൾഡ് സ്കിൽസ് ചാംപ്യൻഷിപ്പ്.
1950ൽ സ്പെയിനിലെ മാഡ്രിഡിലാണ് വേൾഡ് സ്കിൽസ് ചാംപ്യൻഷിപ്പിന് തുടക്കം കുറിച്ചത്. ഇതാദ്യമായാണ് മധ്യപൂർവദേശത്ത് വേൾഡ് സ്കിൽസ് ചാംപ്യൻഷിപ്പ് നടക്കുന്നതും. ഇതുവരെ കണ്ടു പരിചയിക്കാത്ത വ്യത്യസ്തമാ തൊഴിൽ വൈദഗ്ദ്യ അനുഭവങ്ങൾ സമ്മാനിച്ചാണ് നാലു ദിവസത്തെ ചാംപ്യൻഷിപ്പിന് കൊടിയിറങ്ങിയത്.