ജന്മനാടിനെ പിറകിലുപേക്ഷിച്ച് പോകേണ്ടി വരുന്നവരാണ് പ്രവാസികൾ. അങ്ങനെ പിറകിലുപേക്ഷിച്ച നാടിനെ അറിയാനും മനസിലാക്കാനും ഒരു വലിയ യാത്ര നടത്തി ദുബായിലെ പ്രവാസി കുടുംബം. ദുബായ് മലയാളിയായ ബനി സദറും കുടുംബവും നടത്തിയ ഭാരത പര്യടനത്തിന്റെ വിശേഷങ്ങളിലേക്ക്. യാത്രകൾ അനുഭവങ്ങളാണ്... അനുഭവങ്ങൾ സ്വന്തമാകുമ്പോഴാണ് യാത്രകൾക്ക് പൂർണത കൈവരുന്നത്. അത്തരത്തിൽ ഒരു പാട് അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു യാത്രയെ കുറിച്ചാണ് പറയുന്നത്. ദുബായ് മലയാളിയായ ബനി സദറും കുടുംബവും യാത്ര പോയത് ഏതെങ്കിലും ഒരു സ്ഥലത്തേക്കല്ല. അവർ കണ്ടത് ഇന്ത്യയെ മുഴുവനുമാണ്... ഇന്ത്യയുടെ ബഹുസ്വരതയാണ്... വേറിട്ട സംസ്കാരങ്ങളും ജീവിതങ്ങളുമാണ്... തലശ്ശേരി മുതൽ ലഡാക്ക് വരെ പതിനാറ് സംസ്ഥാനങ്ങൾ കടന്നൊരു യാത്ര.
ഏറെക്കാലം മനസിൽ സൂക്ഷിച്ച യാത്ര സത്യമായത് ഈ അവധിക്കാലത്തായിരുന്നു. അങ്ങനെ തലശേരിയുടെ മഴ നനഞ്ഞു കൊണ്ട് ബനിയും ഷെഹ്നാസും മൂന്നു മക്കളും യാത്ര തുടങ്ങി. കൃത്യമായ പ്ലാനിങ്ങോടെയായിരുന്നു യാത്ര. തലശേരിയിൽ നിന്ന് മംഗലാപുരം, ഗോകർണം വഴി മഹാരാഷ്ട്രയിലേക്ക്. പിന്നെ ഗുജറാത്ത് രാജസ്ഥാൻ വഴി ഡൽഹിയിലേക്ക്. പുതിയ രുചികളും, അറിയാത്ത സംസ്കാരങ്ങളും. കേരളത്തിലെ മഴ ഡൽഹിയിലെത്തിയപ്പോഴേക്കും ആന്ധിയെന്ന ചുടുകാറ്റായി മാറിക്കഴിഞ്ഞിരുന്നു. ഷിംലയിൽ നിന്നായിരുന്നു ഈ യാത്രയുടെ ഏറ്റവും മനോഹരവും വെല്ലുവിളികൾ നിറഞ്ഞതുമായ ഘട്ടം തുടങ്ങിയത്. പരിചിതമല്ലാത്ത ഹിമാലയൻ റോഡുകളും കാലാവസ്ഥയും. ഉറക്കം താൽക്കാലിക ടെന്റുകളിൽ. കഴിക്കാൻ നൂഡിൽസും ബ്രഡ് ഓംലറ്റും മാത്രം.
ലോകത്തിലെ ഏറ്റവും ഉയരമുള്ള ഗ്രാമമായ സ്പിതി സന്ദർശിച്ച അനുഭവം എത്ര പറഞ്ഞാലും തീരില്ല. ശ്രീനഗറിലേക്കുള്ള യാത്രയിൽ ഭീകരാക്രമണത്തെ തുടർന്ന് പതിനഞ്ച് മണിക്കൂറോളം വഴിയിൽ കുടുങ്ങിയ അനുഭവവും ഈ യാത്ര ഇവർക്ക് സമ്മാനിച്ചു. ഒരു മാസത്തോളം നീണ്ട യാത്രയിൽ മനസിനെ ഏറ്റവും അധികം കീഴടക്കിയത് കശ്മീരിന്റെ സൗന്ദര്യമാണെന്ന് ഇവർ പറയും. ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അത് കശ്മീരാണ്.
ഡൽഹിയിൽ നിന്ന് മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, തമിഴ്നാട് വഴിയായിരുന്നു മടക്കയാത്ര. ഈ യാത്ര ഏറ്റവും അധികം ആസ്വദിച്ചത് കുട്ടികളുടെ മൂവർസംഘമായിരുന്നു. വിദേശ രാജ്യങ്ങൾ ഒരുപാടു സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഈ യാത്ര വേറിട്ട അനുഭവങ്ങളാണ് ഇവർക്ക് സമ്മാനിച്ചത്. അക്ഷരാർഥത്തിൽ ഇന്ത്യയെ കണ്ടെത്തുകയും കണ്ടറിയുകയുമായിരുന്നു.