പോയവാരം നടന്ന ഫിറ്റ്നസ് ചലഞ്ചില്‍സ്മാര്‍ട്ട് നഗരമായ ദുബായ് ചുവടുവയ്ക്കുന്നത് സിക്സ് പാക്ക് ലക്ഷ്യം. ദുബായ് കിരീടാവകാശി നടത്തിയ വെല്ലുവിളി ജനം ആഘോഷമാക്കിയപ്പോള്‍ ആരോഗ്യട്രാക്കില്‍ ആവേശക്കുതിപ്പുമായി എത്തിയത് വിവിധ രാജ്യക്കാരായ പതിനായിരങ്ങള്‍
ദുബായ് ഇപ്പോൾ ഫിറ്റ്നസ് ഫ്രീക്ക് നഗരമാണ്.. ആരോഗ്യം ഒരു ലഹരിയായി കൊണ്ടാടുകയാണ്. തേർട്ടി തേർട്ടിയാണ് എല്ലാവരുടെയും ആരോഗ്യമന്ത്രം. ആരോഗ്യകരമായ ജീവിത രീതികൾ ഒരു വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുന്നു എല്ലാവരും. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ പ്രഖ്യാപിച്ച ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒരു തരംഗമാണ് ഇന്ന്.
മുപ്പത് മിനിട്ട് വീതം മുപ്പത് ദിവസം വ്യായമത്തിനായി നീക്കി വയ്ക്കുക. ഇതായിരുന്നു ദുബായ് ജനതയ്ക്ക് കിരീടാവകാശി നൽകിയ വെല്ലുവിളി. വെല്ലുവിളി ഏറ്റെടുക്കുന്ന ഓരോരുത്തരും ചെയ്യുന്ന വ്യായമ മുറകളുടെ വിശദാംശങ്ങളും ഫലവും മൊബൈൽ ആപ്പുവഴി ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യും. ആരോഗ്യമുള്ള ദുബായ് എന്ന കാഴ്ചപ്പാടോടെ അദ്ദേഹം മുന്നോട്ട് വച്ച ലക്ഷ്യം ദുബായ് ഒറ്റക്കെട്ടായി ഏറ്റെടുത്തു.
ദുബായ് സഫ പാർക്കിൽ നടന്ന ഫിറ്റ്നസ് ചലഞ്ച് ലോഞ്ച് ഒരു കാർണിവലായിരുന്നു. ആരോഗ്യം ആഘോഷമാക്കി മാറ്റിയ കാഴ്ചകൾ. ചെറിയ കുട്ടികൾ മുതൽ പ്രായമേറിയവർ വരെ സഫ പാർക്കിലെത്തി കാർണിവലിൻറെ ഭാഗമായി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുവന്നതും ഉപയോഗിക്കാവുന്നതുമായ വ്യായമ സൌകര്യങ്ങൾ ഇവിടെ ഒരുക്കിയിരുന്നു.
സ്കൈ ദുബായ് ടീമിൻറെ സ്കൈ ഡൈവിങ്ങോടെയാണ് സഫ പാർക്കിലെ ആവേശത്തിന് കൊടിയേറിയത്. റോപ് ക്ലൈബിംങ്ങും, റോക് ക്ലൈബിംങ്ങുമൊക്കെയായി കഠിന വ്യായായമുറകൾ താൽപര്യമുള്ളവർക്ക് അതാകാം. ഇനി അതല്ല ദിവസവും അരമണിക്കൂർ കളിച്ചുകൊണ്ടാണ് ഫിറ്റ്നസ് മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതെങ്കിൽ എല്ലാതരം കളികൾക്കും ഇവിടെ സൌകര്യമുണ്ട്.
ഈ ഓപ്പൺ ജിമ്മുകളിൽ എത്രസമയം വേണമെങ്കിലും നിങ്ങൾക്ക് പരിശീലനം നടത്താം. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് അവർക്കുള്ള സൌകര്യങ്ങൾ. ഓരോുത്തരും ഓരോ ലക്ഷ്യം മുന്നിൽ വച്ചാണ് ഈ ചലഞ്ച് ഏറ്റെടുക്കുന്നത്. ഭാരം കുറയ്ക്കൽ തന്നെയാണ് മിക്കവരുടെയും ചലഞ്ച്.
ഫിറ്റ്നസ് ചലഞ്ചിൽ പങ്കെടുക്കുന്നവർക്ക് സൌജന്യക്ലാസുകളും പരിശീലന അവസരങ്ങളും ഒരുക്കിയിട്ടുണ്ട്. ഇംഗ്ലീഷ് ഫുട്ബോൾ താരം റയാൻ ഗിഗസ് അടക്കമുള്ളവർ ഫിറ്റ്നസ് രഹസ്യങ്ങൾ പങ്കുവയ്ക്കാൻ ദുബായിലെത്തി. ഒരുമാസം നീളുന്ന ഫിറ്റ്നസ് ചലഞ്ചിൽ ദുബായിലെ പ്രമുഖ സ്ഥാപനങ്ങളെല്ലാം പങ്കെടുക്കുന്നുണ്ട്.
എല്ലാ രീതികളിലും മുന്നേറുന്ന ദുബായ്ക്ക് ആരോഗ്യകരമായ ജീവിതശൈലിയാണ് ഈ കാംപെയിൻ സമ്മാനിക്കുന്നത്. ഇനി ദുബായ് സ്മാർട്ട് മാത്രമല്ല, ഹെൽത്തിയുമാണ്.