മസ്കത്തിലെ മലയാളികളുടെ പ്രിയപാട്ടുകാരനാണ് ഡി.ശിവപ്രസാദ്. പ്രവാസ ലോകത്ത് ഏറ്റവും അധികം ശിഷ്യസന്പത്തുള്ള സംഗീതാധ്യാപകനും ഒരു പക്ഷേ ഇദ്ദേഹം തന്നെയാകും. പതിനാലു കൊല്ലത്തെ പ്രവാസം അവസാനിപ്പിക്കുന്പോൾ, ഗൾഫിലെ സംഗീത ജീവിതം ഓർത്തെടുക്കുകയാണ് അദ്ദേഹം.
പതിനാലു കൊല്ലത്തെ പ്രവാസ ജീവിതം മംഗളം പാടി അവസാനിപ്പിക്കുകയാണ് ശിവപ്രസാദ് മാഷ്. ഒരുപാട് ഓർമകളും ഒരുപിടി അനുഭവങ്ങളുമായി. ഒമാനിൽ നിന്ന് തിരികെ നാട്ടിലേക്ക് മടങ്ങുന്പോൾ അദ്ദേഹത്തിൻറെ ഏറ്റവും വലിയ സന്പത്ത് പ്രവാസ ലോകത്തെ ശിഷ്യഗണമാണ്.
2003ൽ മസ്കത്തിൽ ഒരു സംഗീത മൽസരത്തിന് വിധികർത്താവായെത്തിയ ആൾ സംഗീതവുമായി അവിടെ കൂടിയ കഥയാണ് ഡി.ശിവപ്രസാദിൻറെ. സുഹൃത്തുക്കളുടെ നിർബന്ധവും പിന്തുണയുമാണ് അദ്ദേഹത്തെ പ്രവാസിയാക്കിയത്. അന്നു മുതൽ ഇന്നുവരെ ശിവപ്രസാദ് മാഷിലൂടെ ആയിരക്കണക്കിന് വിദ്യാർഥികളാണ് സംഗീതം പഠിച്ചത്.
ഒമാനിലെ സംഗീതവേദികളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഒമാനിലെ പ്രവാസി കൂട്ടായ്മകളുടെയെല്ലാം സ്റ്റേജ് പ്രോഗ്രാമുകളുടെ സംഗീത നിയന്ത്രണവും ഇദ്ദേഹമായിരുന്നു. ഗൾഫ് കേന്ദ്രമായിറങ്ങുന്ന ആൽബങ്ങളിലും ഷോർട് ഫിലിമുകളിലും അദ്ദേഹം സജീവമായിരുന്നു.
ഇടക്കാലത്ത് സിനിമയിലും ഭാഗ്യം പരീക്ഷിച്ചു. ഒരു സിനിമയ്ക്ക് പാട്ടൊരുക്കി. സിനിമ രക്ഷപെട്ടില്ലെങ്കിലും ശിവപ്രസാദ് ഒരുക്കിയ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നാടകത്തിലും ഒരു കൈ നോക്കി. ശിവപ്രസാദിൻറെ ത്യാഗരാജ സ്വാമി കേരളത്തിലെ എഴുനൂറോളം വേദികൾ കീഴടക്കുകയും ചെയ്തു.
സംഗീതത്തോട് പ്രവാസികൾക്കുള്ള താൽപര്യത്തോട് ശിവപ്രസാദ് മാഷിന് നിറഞ്ഞ മതിപ്പാണ്. എന്നാൽ മലയാളത്തിലെ ഉച്ചാരണ പിശകുകളാണ് പ്രവാസി മലയാളിയുടെ സംഗീതസ്വപ്നങ്ങൾക്ക് വിലങ്ങ് തടിയാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പതിനാലു വർഷം പ്രവാസത്തിൽ ഒരു ചെറിയ കാലമാകാം. പക്ഷേ വലിയ പ്രതീക്ഷകളും സ്വപ്നങ്ങളും പകർന്നു നൽകിയാണ് ഇദ്ദേഹത്തിൻറെ തിരികെ നടത്തം.