കണക്കിനെ മനക്കണക്കുകൊണ്ട് തോല്‍പിച്ച് രാജ്യാന്തര പുരസ്കാരം നേടിയ രണ്ടു പ്രതിഭകളെയാണ് പരിചയപ്പെടുത്തുന്നത്. ഷാര്‍ജ ഡല്‍ഹി പ്രൈവറ്റ് സ്കൂളിലെ വിദ്യാര്‍ഥികളായ അഭിഷേക് സുരേഷും അസ്മിത പാലുമാണ് മൈന്‍ഡ് സ്പോർട്സ് ഒളിംപ്യാഡില്‍ ആറു മെഡലുകള്‍ വാരിക്കൂട്ടിയത്.
അഞ്ചക്കങ്ങളും നാലക്കങ്ങളും തമ്മിലുള്ള ഗുണിതത്തിനും ഒന്‍പത് അക്കങ്ങളുടെ ക്യൂബ് റൂട്ടിനും ഉത്തരം കണ്ടെത്താന്‍ ഇവരെടുത്തത് സെക്കന്‍ഡുകള്‍ മാത്രം. ഇങ്ങനെ അധ്യാപിക സ്വര്‍ണലത കണക്കിലിട്ട കുരുക്കുകളെല്ലാം നിമിഷങ്ങള്‍ക്കകം ശിഷ്യര്‍ അഴിച്ചെടുത്തു. സ്റ്റെപ്പുകളില്ലാതെ കംപ്യൂട്ടറിനെക്കാള്‍ വേഗത്തിലായിരുന്നു ഇവരുടെ മനക്കണക്ക്. ഈ മികവാണ് ലോകോത്തര മല്‍സരത്തിലേക്ക് ഇരുവരെയും നയിച്ചത്.
കോഴിക്കോട് സ്വദേശിയായ സുരേഷിന്‍റെ മകന്‍ അഭിഷേക് മെന്‍റല്‍ കാല്‍ക്കുലേഷന്‍ ലോക ചാംപ്യന്‍ഷിപ്പിലും മെന്‍റല്‍ കാല്‍ക്കുലേഷന്‍ ബ്ലിറ്റ്സിലുമായി മൂന്ന് വെള്ളി മെഡലുകളാണ് സ്വന്തമാക്കിയത്. കൊല്‍ക്കത്ത സ്വദേശിയും ഏഴാം ക്ലാസുകാരിയുമായ അസ്മിത പാലിന് ഈയിനത്തില്‍ മൂന്നു വെങ്കല മെഡലുകളാണ് ലഭിചത്. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ ജേതാവുകൂടിയാണ് അസ്മിത.
പ്രായഭേദമന്യെ വലിയവരോട് മല്‍സരിച്ചാണ് ഈ കുട്ടികള്‍ മികവ് തെളിയിച്ചത്. കൂട്ടലും കിഴിക്കലും ഗുണിക്കലും ഹരിക്കലുമെല്ലാം മനക്കണക്കുകൊണ്ട് തന്നെ. ഫോര്‍ത്ത്, ഫിഫ്ത്ത്, സിക്സ്ത്ത്, സെവന്‍ത് റൂട്ടുകള്‍ക്കെല്ലാം നിമിഷങ്ങള്‍ മതി. ഇനി വര്‍ഷവും മാസവും തീയതിയും പറഞ്ഞാല്‍ ആ ദിവസമേതെന്ന് ഞൊടിയിടയില്‍ പറയും ഈ മിടുക്കനും മിടുക്കിയും.
23 വിഭാഗങ്ങളിലായി നടന്ന മല്‍സരത്തില്‍ പതിനൊന്നു തവണ ലോക ചാമ്പ്യനെ മുട്ടുകുത്തിക്കാന്‍ ഇവര്‍ക്കായി. വലിയവരുമായി മല്‍സരിച്ച് പുരസ്കാരം നേടുന്നതിലെ ആവേശവും ഇവര്‍ പങ്കുവച്ചു. ജൂനിയര്‍ വിഭാഗം കണക്കില്‍ അസ്മിതയുമായി ഏറ്റുമുട്ടിയ പലര്‍ക്കും പരാജയം രുചിക്കേണ്ടിവന്നിട്ടുണ്ട്. കണക്കില്‍ മാത്രമല്ല നൃത്തം, കരാട്ടെ, ചിത്ര രചന എന്നിവയിലും അസ്മിതയ്ക്ക് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മുത്തച്ഛന്‍ മരിച്ചതോടെ കഴിഞ്ഞ വര്‍ഷത്തെ മല്‍സരത്തില്‍ പങ്കെടുക്കാനാവാത്ത പ്രയാസം ഇത്തവണ വെള്ളി മെഡലിലൂടെയാണ് അഭിഷേക് വീണ്ടെടുത്തത്. ഈ മെഡലുകള്‍ സമര്‍പ്പിച്ചതും മുത്തച്ഛന് തന്നെ. 2015ലെ ഷെയ്ഖ് ഹംദാന്‍ അവാര്‍ഡ് ജേതാവായ അഭിഷേക് നല്ലൊരു പ്രഭാഷകന്‍ കൂടിയാണ്. പ്രസംഗിച്ച് നേടിയതാണ് ഈ അലമാരയിലെ ട്രോഫികളില്‍ ഭൂരിഭാഗവും. കൂടാതെ സ്പെല്‍ബിയിലും അബാകസിലും നിരവധി അവാര്‍ഡുകള്‍ ഈ പത്താം ക്ലാസുകാരന്‍ നേടിയിട്ടുണ്ട്. ചെസ്, കീബോര്‍ഡ്, സുഡോകു എന്നിവയാണ് മറ്റു വിനോദങ്ങള്‍. ഐഐടിയില്‍ പഠിച്ച് ഐഎഫ്എസ് നേടാനാണ് അഭിഷേകിന് ആഗ്രഹമെങ്കില്‍ ഡോക്ടറായി ജനങ്ങളെ സേവനിക്കാനാണ് അസ്മിതയുടെ മോഹം.