ലോകത്തിന്‍റെ പ്രസംഗപ്പേടി മാറ്റാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ഒരു മലയാളിയുണ്ട്, തിരുവനന്തപുരം സ്വദേശി മനോജ് വാസുദേവ്. പ്രസംഗത്തിലെ ലോക ചാംപ്യനായ മനോജ് ആശയവിനിമയത്തിലൂടെ ലോകത്തെ മാറ്റിമറിക്കുകയാണ്. 2020ഓടെ രണ്ടു കോടി ജനങ്ങളെ മികച്ച പ്രഭാഷകരാക്കാനുള്ള ദൗത്യത്തിലാണ് ഇദ്ദേഹം.
പേടികാരണം വീട്ടിലെ ഫോൺ പോലും എടുക്കാതിരുന്ന ആൾ ലോകത്തിലെ ഏറ്റവും മികച്ച പ്രാസംഗികനായത് അത്ഭുത കഥയല്ല. മറിച്ച് തിരിച്ചറിവിന്റെയും ഇച്ഛാശക്തിയുടെയും കഠിനാധ്വാനത്തിന്റെയും വിജയകഥയാണ് മലയാളിയായ മനോജ് വാസുദേവന്റെ ജീവിതം. പ്രസംഗമൽസരങ്ങളുടെ ഒളിംപിക്സ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ടോസ്റ്റ് മാസ്റ്റേഴ്സ് പബ്ലിക് സ്പീക്കിങ്ങിലായിരുന്നു മനോജിന്റെ ചരിത്ര നേട്ടം. ആനന്ദകരമായ ദാമ്പത്യത്തിന്റെ ചേരുവകൾ എങ്ങനെ ലോകസമാധാനത്തിന് ഉപയോഗപ്പെടുത്താം എന്നതായിരുന്നു മനോജിന്റെ പ്രസംഗം.
ആറു ഘട്ടങ്ങളായി നടന്ന മൽസരത്തിൽ നാൽപതിനായിരത്തോളം പ്രാസംഗികരെ തോൽപിച്ചായിരുന്നു ഈ സ്വപ്ന നേട്ടം. മുപ്പത്തിയാറാം വയസിലാണ് മനോജിന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ്. പൊതുവേ അന്തർമുഖനായ മനോജ് ആശയവിനിമയത്തിന്റെ സാധ്യതയും ആവശ്യകതയും തിരിച്ചറിഞ്ഞത് അക്കാലത്താണ്.
ആശയവിനിമയത്തിലെ പോരായ്മ എങ്ങനെയും മറികടക്കാനായിരുന്നു ശ്രമം. മറ്റുള്ളവരെ നിരീക്ഷിച്ചും പരിശീലനം നടത്തിയും മുന്നേറുകയായിരുന്നു. പ്രസംഗത്തിന് പ്രചോദനവും പരിശീലനവും നൽകുന്ന ടോസ്റ്റ് മാസ്റ്റേഴസ് ഇന്റർനാഷനലും സഹായകരമായി. ലോകത്തെ സ്വാധീനിച്ച പ്രസംഗങ്ങൾ, പ്രസംഗകർ, അവരുടെ ചലനങ്ങൾ തുടങ്ങിയവയായിരുന്നു നീരീക്ഷിച്ചത്. ഇതിനിടയ്ക്കു ചടങ്ങുകൾക്ക് അവതാരകനായും സ്റ്റാൻഡ് അപ് കൊമേഡിയനുമൊക്കെയായി തിളങ്ങി.
പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പല ലോകനേതാക്കളുടെയും പ്രസംഗ വേദികളിൽ അവതാരകനായി മാറി മനോജ്. മാസ്റ്ററിങ് ലീഡർഷിപ് ദ് മൗസ്ട്രാപ് വേ എന്ന പുസ്തകവും രചിച്ചു.ഒരാളുടെ ആത്മവിശ്വാസത്തെ ശക്തിപ്പെടുത്താൻ ഏറ്റവും സഹായകരമായ ഒന്നാണ് പ്രസംഗമെന്നു മനോജ് സാക്ഷ്യപ്പെടുത്തുന്നു. ഉച്ചാരണത്തെയും ഭാഷാഭേദത്തെക്കുറിച്ചും അധികം വ്യാകുലപ്പെടാതെ പറയുന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ശ്രമിക്കുക. പ്രാസംഗികരാകാൻ ആഗ്രഹിക്കുന്നവർക്കുള്ള മനോജിൻറെ ഉപദേശം ലളിതമാണ്.
സിംഗപ്പൂർ കേന്ദ്രമാക്കിയുള്ള തോട്ട് എക്സ്പ്രഷൻസ്’ എന്ന സ്ഥാപനത്തിന്റെ തലവനാണ് ഇന്ന് മനോജ്. ഏഴുവയസുകാർമുതൽ 77 വയസുള്ളവരെവരെ പ്രസംഗിക്കാൻ മനോജ് പരിശീലിപ്പിച്ചിക്കുന്നുണ്ട്. രണ്ടു കോടി പേർക്ക് ഓൺലൈൻ വഴി പ്രസംഗ പരിശീലനം നൽകുന്നതിനുള്ള ദൌത്യത്തിലാണ് ഇന്ന് ലോകത്തെ ഏറ്റവും മികച്ച പ്രാസംഗികൻ.