യുഎഇയുടെ സാംസ്കാരിക നഗരമായ ഷാര്‍ജയില്‍ സംഗീതത്തിന്‍റെ നിറച്ചാര്‍ത്തുമായി നവരാത്രി സംഗീതോല്‍സവം. തിരുവനന്തപുരം നവരാത്രി മണ്ഡപത്തെ ഷാര്‍ജയില്‍ പുനരാവിഷ്കരിക്കുകയായിരുന്നു ഏകത. പോയവാരം ഷാര്‍ജയുടെ ദിനരാത്രങ്ങള്‍ക്ക് കര്‍ണാടക സംഗീതത്തിന്‍റെ ഈണമായിരുന്നു. ബാംഗ്ലൂര്‍ ബ്രദേഴ്സായ ഹരിഹരന്‍റെയും ഹരി അശോകിന്‍റെയും ഈണത്തില്‍ സ്വാതി തിരുനാളിന്‍റെ കീര്‍ത്തനങ്ങള്‍ അക്ഷര നഗരിയെ ഭക്തിസാന്ദ്രമാക്കി. ബ്രഹ്മശ്രീ സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ തിരികൊളുത്തിയതോടെയാണ് നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
രജനീഷ് വാസുദേവന്‍, സുരേഷ് കോന്നിയൂര്‍, അര്‍ച്ചന കൃഷ്ണ കുമാര്‍ എന്നിവര്‍ തുടര്ന്നുള്ള ദിവസങ്ങളില്‍ സ്വാതിതിരുനാള്‍ കൃതി സമര്‍പ്പണം നടത്തി. പിന്നീട് സംഗീതത്തിന്‍റെ മാസ്മരികതയുമായി ആസ്വാദകരിലേക്കെത്തിയത് പുഷ്പ മഹേഷ്, ഡോ. പ്രഭാവതി, സന്തോഷം കോട്ടയം, സജീവ് കുമാര്‍ വൈക്കം എന്നിവരായിരുന്നു. 237 കലാകാരന്മാര്‍ പങ്കെടുക്കുന്ന സംഗീതാര്‍ച്ചനയില്‍ ഏഴു സംഗീത വിദ്യാര്‍ഥികളുടെ അരങ്ങേറ്റവും ഉണ്ടായിരുന്നു. പ്രവാസലോകത്തെ സംഗീത പ്രതിഭകളായ ഒന്‍പത് പേര്‍ക്ക് പുറമെ സംഗീത അധ്യാപകര്‍ക്കും പാടാന്‍ അവസരമൊരുക്കിയിരുന്നു. ഇതോടനുബന്ധിച്ച് ഏകത പ്രവാസി സംഗീത ഭാരതി പുരസ്കാരം പ്രൊഫസര്‍ കുമാര കേരള വര്‍മയ്ക്ക് സമ്മാനിച്ചു.
നെടുമങ്ങാട് ശിവാനന്ദന്‍, കൃഷ്ണ കാമത്ത്, വിഷ്ണു ചന്ദ്രമോഹന്‍ തുടങ്ങി 18 പക്കമേളക്കാരെയും ആദരിച്ചു. തുടര്‍ച്ചയായി ആറു വര്‍ഷം നവരാത്രി സംഗീതോല്‍സവം നടത്തിയതിലൂടെ പുതുതലമുറയെ സംഗീതലോകത്തേക്ക് ആകര്‍ഷിക്കാനായതിലെ ചാരിതാര്‍ഥ്യത്തിലാണ് സംഘാടകര്‍.