ലോകം ചിന്തിക്കുമ്പോഴേക്കും ദുബായ് നടപ്പാക്കുന്ന കാഴ്ചയാണ് ഇക്കഴിഞ്ഞ ജൈടെക്സില്‍ കണ്ടത്. സാങ്കേതികവിദ്യയുടെ വേഷപ്പകര്‍ച്ചയില്‍ വിസ്മയിപ്പിക്കുന്ന ഒരുപിടി സ്മാര്‍ട്ട് സേവനങ്ങള്‍ ദുബായ് ലോകത്തിന് പരിചയപ്പെടുത്തി. ജൈടെക്സ് ടെക്നോളജി വീക്കിലെ പുത്തന്‍ കാഴ്ചകളിലൂടെ ഒരു യാത്ര.
ഭാവിയുടെ ലോകമാണ് ജൈടെക്സ് സാങ്കേതിക വാരത്തിലെ കാഴ്ചകൾ. സാങ്കേതിക വിദ്യകളുടെ വിസ്മയിപ്പിക്കുന്ന പുതു കാഴ്ചകൾ. ലോകം സ്വപ്നം കാണുന്പോൾ, ആ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുകയാണ് ദുബായ്. ദുബായ് സ്മാർട്ടാവുകയാണ് ലോകത്തിനു മുന്പേ
എമിഗ്രേഷൻ നടപടികൾക്കായുള്ള ബയോമെട്രിക് ടണലാണ് ഈ ജൈടെക്സിലെ വിസ്മയങ്ങളിലൊന്ന്. ഇവിടെ നിന്ന് ആ സ്ക്രീനിലേക്ക് ഒരു നോട്ടം മാത്രം മതി, എമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാകാൻ.
സാങ്കേതിക വിദ്യകളുടെ കാര്യത്തിൽ എന്നും ഒരു പടി മുകളിൽ നിൽക്കുന്ന ദുബായ് പൊലീസ് ഇവിടെയും പതിവ് തെറ്റിക്കുന്നില്ല. ആറു മീറ്റർ ഉയരത്തിൽ പറന്ന് രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുന്ന ഹോവർ സർഫ് ബൈക്കാണ് ദുബായ് പൊലീസ് അവതരിപ്പിക്കുന്നത്.
കുറ്റവാളികളെ പിന്തുടർന്ന് പിടികൂടുന്ന റോബോട്ടിക് കാറും ഇത്തവണ ജൈടെക്സിൽ അവതരിപ്പിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരെ പിന്തുടർന്ന് പിടികൂടുന്ന സ്മാർട് ബൈക്കും ഇത്തവണയുണ്ട്.
ദുബായ് ആർടിഎയുടെ പുതിയ ആശയമായ എയർ ടാക്സിയും ജൈടെക്സിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. . ഡ്രൈവറില്ലാത്ത ഈ വാഹനത്തില്‍ രണ്ടു പേർക്ക് സഞ്ചരിക്കാം. ടാക്സി ബുക്ക് ചെയ്യുന്നതുപോലെ ആര്‍ടിഎയുടെ കോള്‍ സെന്‍ററില്‍ വിളിച്ച് വോളോകോപ്റ്റര്‍ ബുക്ക് ചെയ്യാം.
ദുബായിലെ പൊതുഗതാഗത സംവിധാനത്തെ കുറിച്ചുള്ള സമഗ്രവിവരങ്ങളടങ്ങിയ ആദിൽ ആപ്ലിക്കേഷനും ആർടിഎ പുറത്തിറക്കിയിട്ടുണ്ട്. ഭാവിയിലെ ദുബായ് എങ്ങനെ ആയിരിക്കും എന്നും കാണിച്ചു തരികയാണ് ഫ്യൂച്ചർ ലൈവ്. കാലത്തിനു മുന്പേ സഞ്ചരിക്കുന്ന ദുബായുടെ കാഴ്ചകളാണിത്.
വിവിധ സര്‍ക്കര്‍ വകുപ്പുകളുടെ സേവനങ്ങള്‍ ഒന്നിച്ച് ലഭ്യമാക്കുന്ന ദുബായ് നൌ ആപ്ലിക്കേഷനും സ്മാർട് ദുബായ് അവതരിപ്പിക്കുന്നു. സാങ്കേതിക വിദ്യകളുടെ വിസ്മയലോകത്ത് നമ്മെ അദ്ഭുതപ്പെടുത്തി കൊണ്ട് ജൈത്രയാത്ര തുടരുകയാണ് ദുബായ്. ആ അദ്ഭുതക്കാഴ്ചകൾ ഇനിയും തുടർന്നു കൊണ്ടേയിരിക്കും