മനുഷ്യ ശരീരത്തിൽ ഇതുവരെ കണ്ടെത്താതിരുന്ന ഒരു അവയവം കൂടി കണ്ടെത്തി. അയർലൻഡിലെ ലിമെറിക് സർവകലാശാലാ ആശുപത്രിയിലെ ഡോ. ജെ. കാൽവിൻ കോഫെയാണ് ഇക്കാലമത്രയും ശാസ്ത്രത്തിനു പിടികൊടുക്കാതെ ഒളിച്ചിരുന്ന ആ അവയവം കണ്ടെത്തിയത്. മെസെന്ററി എന്നാണു പുതിയ അവയവത്തിനു പേരു നൽകിയിരുന്നത്.
ശരീരത്തിൽ ദഹനവ്യവസ്ഥയുടെ ഭാഗമായാണു പുതിയ അവയവത്തിന്റെ സ്ഥാനം. ഇതിന്റെ ഘടനയുയും രൂപത്തെയും കുറിച്ചു ശാസ്ത്രലോകത്തിനു വ്യക്തമായ ധാരണ ലഭിച്ചു. ഇനി ശരീരത്തിൽ ഇതിന്റെ ധർമം എന്തെന്നാണ് അറിയേണ്ടത്. അതേക്കുറിച്ചു പഠനം നടക്കുന്നു. ഇതിന്റെ പ്രവർത്തനം മനസിലാക്കിയാൽ പ്രവർത്തിക്കാതിരിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന സാഹചര്യങ്ങളും വ്യക്തമാകും. അത് ദഹനേന്ദ്രിയ വ്യവസ്ഥയെ ബാധിക്കുന്ന രോഗ ചികിത്സയിൽ വലിയ നേട്ടമുണ്ടാക്കും.
ഇരട്ട കവചമുള്ള ഈ അവയവം ആമാശയ ക്യാവിറ്റിയോടു ചേർന്നാണു കാണപ്പെടുന്നത്. ആമാശയ ഭിത്തിയോട് കുടൽ ചേരുന്നത് ഈ അവയവത്തിന്റെ സ്ഥാനത്തുനിന്നാണ്. 2012ൽത്തന്നെ കൊഫെയ്ക്ക് ഇതുമായി ബന്ധപ്പെട്ട ചില സൂചനകൾ ലഭിച്ചിരുന്നെങ്കിലും കൂടുതൽ സൂക്ഷ്മ പരിശോധനകൾ നടത്തിയാണ് പോസിറ്റിവ് ഫലത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. വരും ദിവസങ്ങളിൽ മെസെന്ററിയെക്കുറിച്ചു കൂടുതൽ വാർത്തകൾ പ്രതീക്ഷിക്കാം.